കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ ടാങ്കര്‍ ലോറി ടാറ്റാ എയ്‌സുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടാറ്റാ എയ്‌സിലെ ഡ്രൈവര്‍ തിരുവനന്തപുരം കരിമഠം കോളനിയില്‍ മണികണ്ഠന്‍ (23) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കരിമഠം കോളനിയില്‍ സന്തോഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ പാരിപ്പള്ളി തെറ്റിക്കുഴി ജംഗ്ഷനിലായിരുന്നു അപകടം. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കൂട്ടിയിടിച്ചത്. പോലീസെത്തി ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മണികണ്ഠന്റെ ജീവന്‍ രക്ഷിക്കാനായില്ല. ടാറ്റാ എയ്‌സ് നിശേഷം തകര്‍ന്നനിലയിലാണ്. പാരിപ്പള്ളി പോലീസ് കേസെടുത്തു.