കായംകുളം: കായംകുളത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കൊല്ലം മുളങ്കാടകം സ്വദേശികളായ സുനില്‍ , ഭദ്രന്‍ , ഷീല എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

Ads By Google

രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഹരിപ്പാട്ടെ സര്‍ക്കാര്‍ ആശു്പത്രിയിലേക്ക് മാറ്റി.

രാമപുരം ക്ഷേത്രത്തിനു സമീപമാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

സംഭവസ്ഥലത്തു വെച്ചു തന്നെ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയാണ് അപകടം. ടാങ്കര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

അപകടത്തിന് പിന്നാലെ ലോറിയില്‍ നിന്നും ഇറങ്ങി ഓടിയ ഡ്രൈവറേയും സഹായിയേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എറണാകുളത്തു നിന്നും കൊല്ലത്തേക്കു പോവുകയായിരുന്നു ടാങ്കര്‍ ലോറി.

എറണാകുളത്ത് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു കാറിലുള്ളവര്‍.