ഒമാന്‍: ഒമാനിലും യു.എ.ഇ യിലെ റാസല്‍ ഖൈമയിലും ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് 12 ജീവന്‍. ഒമാനിലാണ് ഏറ്റവും വലിയ ദുരന്തം നടന്നത്. ഒമാനിലെ ഹൈമയിലുണ്ടായ അപകടത്തില്‍ നാല് കുട്ടികളുള്‍പ്പെടെ ഒമ്പതുപേരാണ് മരിച്ചത്. കുറ്റിപ്പുറം, മട്ടന്നൂര്‍ സ്വദേശികളാണ് അപകടത്തിനിരയായത്. മരിച്ചവരില്‍ കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടുന്നു.

Ads By Google

കുറ്റിപ്പുറത്തിനടുത്ത് തൃക്കണാപുരത്ത് അണിമംഗലത്ത് വീട്ടില്‍ പരേതനായ ചേക്കുട്ടിയുടെ മകന്‍ മുസ്തഫ (37), ഭാര്യ റുഖിയ (30), മകള്‍ മുഹ്‌സീന (എട്ട്) എന്നിവരും കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി കാവുംപടിയിലെ ഖാലിദ് മൗലവി (40), ഭാര്യ സഫ്‌നാസ് (26), മക്കളായ അനസ്(നാല്), ഹാഷിം (ആറ്), ഫാത്തിമ (രണ്ട്). മുസ്തഫയുടെ കുടുംബസുഹൃത്തും സഹപ്രവര്‍ത്തകനുമായ ഒരാളും മരിച്ചതായി സൂചനയുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സലാലയില്‍ സിയാറത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു. ഒരു വാഹനം കത്തിയമര്‍ന്നതായും സൂചനയുണ്ട്.

ഒമാനിലെ ഖദറയില്‍ ‘സഹ്രത് അല്‍ ഹൈല’ എന്ന ബേക്കറി നടത്തുകയായിരുന്നു കുറ്റിപ്പുറം സ്വദേശിയായ മുസ്തഫ. എട്ടുവര്‍ഷംമുമ്പാണ് മുസ്തഫ വിദേശത്തേക്ക് പോയത്. അഞ്ചുവര്‍ഷംമുമ്പാണ് ഭാര്യ റുഖിയയെ കൊണ്ടുപോയത്.

റാസല്‍ഖൈമയില്‍ കാറപകടത്തില്‍ കൊല്ലം കരുനാഗപ്പള്ളി ആദിനാട് സ്വദേശികളായ മൂന്ന് യുവാക്കള്‍ മരിച്ചു. ദുബായില്‍നിന്ന് അല്‍ജീറയിലേക്കുള്ള യാത്രക്കിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

ആദിനാട് തെക്ക് തയ്യില്‍തെക്കതില്‍ അബ്ദുല്‍ബഷീര്‍ (40), നെടിയത്ത് പടീറ്റതില്‍(മണ്ടാനം) പരേതനായ അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാരുടെ മകന്‍ ഹാഷിം (21), ആണ്ടൂര്‍ കുറ്റിയില്‍ ഇസ്മായിലിന്റെ മകന്‍ സമീര്‍ (24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 2.30ന് ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടം.

സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചു. 15 വര്‍ഷമായി യു.എ.ഇ യില്‍ ജോലിചെയ്യുന്ന ബഷീര്‍ പുതുതായി ആരംഭിക്കാനിരുന്ന മൊബൈല്‍ ഷോപ്പിലേക്ക് ദുബായില്‍നിന്ന്‌ സാധനങ്ങള്‍ വാങ്ങി മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്. പുതിയ ഷോപ്പില്‍ ജോലിക്കായി രണ്ടുദിവസം മുമ്പാണ് ഫ്രീ വിസയില്‍ ഹാഷിമും സമീറും യു.എ.ഇ യിലെത്തിയത്. ബഷീര്‍ രണ്ടാഴ്ചമുമ്പാണ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.