ബെയ്ജിങ്: വടക്കന്‍ ചൈനയില്‍ ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് 36 പേര്‍ മരിച്ചു. ഷാന്‍ക്‌സി പ്രവിശ്യയിലെ യാന്‍ആനിലെ എക്‌സ്പ്രസ് പാതയിലായിരുന്നു അപകടം.

Ads By Google

മീഥെയ്ന്‍ വാതകവുമായി വന്ന ടാങ്കറുമായിട്ടാണ് ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. രണ്ട് വാഹനങ്ങളിലുമായി 39 പേരുണ്ടായിരുന്നു.

മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പെട്ടവരില്‍ ഇന്ത്യക്കാര്‍ ഉണ്ടോയെന്ന കാര്യം അറിവായിട്ടില്ല.

ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അപകടസമയത്ത് ഉറക്കത്തിലായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ബസിന് തീപിടിച്ചതും ആളുകള്‍ക്ക് ബസില്‍ നിന്നും രക്ഷപ്പെടുന്നതിന് തടസമായി.

സംഭവത്തെ കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടമേഖല അല്ലാതിരുന്നിട്ടുകൂടി ഇത്രയും വലിയ അപകടം എങ്ങനെ നടന്നെന്നതില്‍ അവ്യക്തത തുടരുകയാണെന്നും പോലീസ് പറഞ്ഞു.