ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദുവന്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 34 പേര്‍ മരിച്ചു. മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച മിനിട്രക്കും ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പന്തണ്ടിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ച്ച അര്‍ധരാത്രിയാണ് അപകടം നടന്നത്. മരിച്ചവരെല്ലാം പുരുഷന്‍മാരാണ്. ബദുവന്‍ ജില്ലയിലെ ഊഞ്ചനിയില്‍വെച്ചാണ് അപകടമുണ്ടായത്. എതിരേ വരികയായിരുന്ന ബസ്സിനെ ഇടിച്ച് ട്രക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ ബറേലി, ബദുവന്‍ ജില്ലയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കച്ച്‌ലാഘട്ടിലെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.