മോസ്‌കോ: റഷ്യയിലെ പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വഌദിമിര്‍ പുടിന് അപ്രതീക്ഷിത തിരിച്ചടി. പുടിന്റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം മാത്രമാണ് നേടാന്‍ സാധിച്ചത്.

ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ പുചിന്റെ പാര്‍ട്ടിക്ക് 49.54 ശതമാനം വോട്ടാണു കിട്ടിയത്. നിലവിലുള്ള സഭയില്‍ 64 ശതമാനം വോട്ടുണ്ടായിരുന്ന സ്ഥാനത്താണിത്. 19.12 ശതമാനം വോട്ടോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. 13. 02 ശതമാനം വോട്ടോടെ എ ജസ്റ്റ് റഷ്യയും 11. 66 ശതമാനം വോട്ടോടെ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് റഷ്യയും തൊട്ടുപിന്നിലുണ്ട്. 450 അംഗ സഭയില്‍ 238 സീറ്റിലാണ് യുണൈറ്റഡ് റഷ്യ പാര്‍ട്ടി വിജയിച്ചത്. 2007ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 315 സീറ്റുണ്ടായിരുന്നു.

Subscribe Us:

തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതോടെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉണ്ടായിക്കഴിഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷന്‍ ബോറിസ് ഗ്രിസ്ലോവ് ഡ്യൂമ സ്പീക്കര്‍ സ്ഥാനം രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

റഷ്യയുടെ പ്രസിഡന്റു പദത്തില്‍ 2000 മുതല്‍ എട്ടുവര്‍ഷം ഇരുന്ന പുടിന്‍ തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടുതല്‍ ആ സ്ഥാനം വഹിക്കാന്‍ ഭരണഘടന അനുവദിക്കാത്തതിനാല്‍ തന്റെ വിശ്വസ്തന്‍ ദിമിത്രി മെദ്‌വദേവിനെ പ്രസിഡന്റാക്കി സ്വയം പ്രധാനമന്ത്രിയായി രാജ്യം ഭരിക്കുകയായിരുന്നു.

അടുത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം നടന്ന പാര്‍ലമെന്റു തിരഞ്ഞെടുപ്പിലാണ് ഈ തിരിച്ചടിയേറ്റത്. ഇത് പുടിന്റെ ജനസമ്മതി കുറയുകയാണെന്ന് കാണിക്കുന്നു. തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണയോടെ പ്രവര്‍ത്തിച്ച നിരീക്ഷകയും പ്രതിപക്ഷവും ആരോപിച്ചതും പുടിന്റ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

Malayalam News
Kerala News in English