ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് സ്വീകരിക്കുന്ന ഏത് നടപടിയും അംഗീകരിക്കുമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റ് പരമോന്നത പീഠമാണെന്നും ജനാധിപത്യത്തില്‍ പൂര്‍ണമായും വിശ്വാസമുണ്ടെന്നും ഹസാരെ വ്യക്തമാക്കി.

ഹസാരെ നേരത്തേ പ്രഖ്യാപിച്ചിരുന്ന നിലപാടുകളില്‍ നിന്നും അല്‍പ്പം അയയുകയാണെന്നാണ് പുതിയ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് 15നകം ബില്‍ പാസാക്കണമെന്നായിരുന്നു നിരാഹാരസമരം അവസാനിപ്പിച്ച് ഹസാരെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ശരിയായ ദിശയില്‍ നീങ്ങുകയാണെങ്കില്‍ ഈ കാലാവധി ദീര്‍ഘിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്.

Subscribe Us:

ലോക്പാല്‍ ബില്ലിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹസാരെ അറിയിച്ചിട്ടുണ്ട്. ലോക്പാല്‍ ബില്‍ പാസാക്കുന്നതോടെ അഴിമതി പൂര്‍ണമായും ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ഒരുപരിധിവരെയെങ്കിലും തടയിടാന്‍ കഴിയുമെന്നും ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ തനിക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന ആരോപണം ഹസാരെ നിഷേധിച്ചിട്ടുണ്ട്. താന്‍ ആര്‍.എസ്.എസിനെ സമീപിച്ചിട്ടില്ലെന്നും അവരുമായി യൊതൊരു തരത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ഹസാരെ പറഞ്ഞു.