ബീജിംഗ്: ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് കിരീടം എ സി മിലാന്. ബീജിംഗിലെ ബേര്‍ഡ്‌നെസ്റ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍മിലാനെ 2-1നാണ് ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍മാരായ എ സി മിലാന്‍ തോല്‍പ്പിച്ചത്.

80,000ത്തിലധികം കാണികളാല്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ ഡച്ച് താരം വെസ് ലി സ്‌നൈഡറിലൂടെ ആദ്യപകുതിയില്‍ മുന്നിട്ട് നിന്ന ഇന്ററിനെതിരെ രണ്ടാം പകുതിയില്‍ നേടിയ ഇരട്ടഗോളുകളാണ് എ.സി മിലാനെ കപ്പുയര്‍ത്താന്‍ സഹായിച്ചത്. മിലാനായി ഇബ്രഹിമോവിച്ചും, കെവിന്‍ പ്രന്‍സ് ബൊട്ടെങ്ങും ഗോളുകള്‍ നേടി.

ചിരവൈരികളായ ഇന്റര്‍മിലാനെ തോല്‍പ്പിച്ച് കിരീടം നേടിയതോടെ കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് കരസ്ഥമാക്കിയ ടീമെന്ന നേട്ടവും എ സി മിലാന്‍ സ്വന്തമാക്കി. മിലാന്‍ ആറ് തവണ കപ്പുയര്‍ത്തിയപ്പോള്‍ ഇന്റര്‍ 5 തവണ കപ്പില്‍ മുത്തമിട്ടു.

പുതിയ കോച്ച് ഗാസ്‌പെരിനിയുടെ കീഴില്‍ പ്രമുഖതാരങ്ങളില്ലാതെയാണ് ഇന്റര്‍ മത്സരത്തിനിറങ്ങിയത്. ബ്രസീലിന്റെ പ്രതിരോധനിര താരങ്ങളായ മൈക്കണ്‍, ലൂസിയോ എന്നിവരും അര്‍ജന്റീനയുടെ കമ്പിയാസോയും, ഡിയാഗോ മിലിറ്റയും ഇന്റര്‍നിരയില്‍ കളിച്ചില്ല. കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്റിനെതുടര്‍ന്ന് വിശ്രമത്തിലാണിവര്‍.