അബുദാബി: യു.എ.യിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ  പ്രസക്തിയുടെ ആഭിമുഖ്യത്തില്‍,  അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കൂടംകുളം സമരത്തിന് പിന്തുണയേകിക്കൊണ്ട് സംഘചിത്രരചനയും സാംസ്‌കാരിക കൂട്ടായ്മയും നടന്നു.

സംഘചിത്രരചന, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ വി ടി വി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പ്രസക്തി വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാവ അധ്യക്ഷന്‍ ആയിരുന്നു.

Ads By Google

കൂടംകുളത്തെ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടുന്ന സാധാരണക്കാരുടെ ആശങ്കകള്‍ പങ്കിടുന്ന കൂടംകുളം സ്വദേശിയായ ചിത്രകാരന്‍ രാജേഷ് കൂടംകുളത്തിന്റെ രചന, വിദ്യാര്‍ത്ഥികളായ ഐശ്വര്യ ഗൗരി നാരായണന്‍, ശിഖ ശശിന്‍സാ എന്നിവരുടെ ചിത്രങ്ങള്‍ എന്നിവ കാണികള്‍ക്ക് വികാരതീവ്രവമായ അനുഭവമായി മാറി.

ആണവോര്‍ജ്ജത്തിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തുകളും, ജനങ്ങളുടെ ജീവിതസമരവും ജോഷി ഒഡേസ, ശശിന്‍സാ, രാജീവ് മുളക്കുഴ, ഗോപാല്‍ജി എന്നിവര്‍ വിഷയമാക്കിയപ്പോള്‍ ചെര്‍ണോബില്‍, ഫുക്കുഷിമ ദുരന്തങ്ങളില്‍ നിന്നുപോലും പാഠം പഠിക്കാത്തവരുടെ പൈശാചികത വെളിപ്പെടുത്തുന്നതായിരുന്നു കാര്‍ടൂണിസ്റ്റ് അജിത്, നദീം മുസ്തഫ, ഇ. ജെ. രോയിച്ചന്‍, ഷാഹുല്‍ കൊല്ലംകോട്, സുധീഷ് റാം, അനില്‍ താമരശ്ശേരി എന്നിവരുടെ രചനകള്‍.

ചിത്രരചനയ്ക്കുശേഷം നടന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ അബുദാബി കെ. എസ്സ്. സി. ലൈബ്രറിയന്‍ ഹര്‍ഷകുമാര്‍, ഇ. ആര്‍. ജോഷി, ഷരീഫ് കാളച്ചാല്‍, അഷ്‌റഫ് ചമ്പാട്, ഇ. പി. സുനില്‍, അന്‍ഷാദ് ഗുരുവായൂര്‍, കെ. വി. മണികണ്ടന്‍, ധനേഷ്‌കുമാര്‍, കെ. എം. എം. ഷെരീഫ്, ബാബു തോമസ്, ജയ്ബി. എന്‍. ജേക്കബ്,  അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.