ലക്‌നൗ: കുടുംബസ്വത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ അബു സലീം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. അഭിഭാഷകന്‍ മുഖേനയാണ് അബു സലീം യോഗിയ്ക്ക് കത്തയച്ചത്.

1993 ലെ മുംബൈ സ്ഫോടനകേസില്‍ മുംബൈ സെന്റര്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ് അബു സലീം.

2013 മാര്‍ച്ച് 30 ന് തനിക്കും തന്റെ സഹോദരനും കുടുബസ്വത്തായി ലഭിച്ച ഭൂമി വ്യാജരേഖ ചമച്ച് 2017ല്‍ മറ്റാരോ സ്വന്തമാക്കിയതായും അബുസലീം കത്തില്‍ പറയുന്നു. തങ്ങളുടെ ഭൂമിയില്‍ അനധികൃതമായി കെട്ടിടങ്ങള്‍ പണിയുകയാണെന്നും അത് തടയണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Also Read: ചുവന്ന കൊടി പിടിച്ച് വന്നവര്‍ എത്രപേര്‍ കമ്യൂണിസ്റ്റുകാരായിരിക്കും എന്നറിയില്ല പക്ഷെ അവര്‍ക്കൊരാവശ്യം വന്നപ്പോള്‍ പിടിക്കാന്‍ ഈ കൊടിയേ ഉണ്ടായിരുന്നുള്ളൂ: കെ.ജെ ജേക്കബ്


 

ആറുപേരടങ്ങിയ സംഘമാണ് വസ്തു സംബന്ധമായ രേഖകള്‍ കൈവശം വെച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.

പൊലീസ് അന്വേഷണത്തില്‍ 2002 മുതല്‍ ഭൂമി മറ്റു ചില കക്ഷികളുടെ പേരിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ സ്ഥലത്ത് കെട്ടിടനിര്‍മ്മാണം നടക്കുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

1960ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലാണ് അബുസലീം ജനിച്ചത്.