മുംബൈ: അധോലോക നായകന്‍ അബു സലീമിന് നേരെ ജയിലില്‍ ആക്രമണം. സലീമിന്റെ എതിരാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ മുഹമ്മദ് ദോസയാണ് സലീമിനെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് സംഭവം.

അബു സലീമിന് കഴുത്തിനും തോളിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാതല്‍ ഭക്ഷണ സമയത്താണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം മുഹമ്മദ് ദോസയെ ജയിലിലെ മറ്റൊരിടത്തേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. 1993ലെ മുംബൈ ബോംബ് സ്‌ഫോടന പരമ്പരക്കേസിലാണ് അബു സലീം തടവില്‍ കഴിയുന്നത്. അബു സലീമിന് കഴുത്തിനും തോളിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ സ്‌ഫോടനക്കേസില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരിക്കുന്നതും ആര്‍തര്‍ ജയിലിലാണ്. കനത്ത സുരക്ഷാ സന്നാഹമുള്ള ജയിലില്‍ ഇത്തരമൊരു ഏറ്റുമുട്ടലുണ്ടായത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.