ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാതെ കമ്പനി മാറുന്ന സൗകര്യം ഉപയോഗിച്ചവരുടെ എണ്ണം ആറുകോടിയിലേറെ. മള്‍ട്ടി നമ്പര്‍ പോര്‍ട്ടബിലിറ്റി എന്ന സൗകര്യം ഉപയോഗിച്ചാണ് നമ്പര്‍ മാറാതെ കമ്പനി മാറാന്‍ കഴിയുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ വരെ 6.97 കോടിപ്പേരാണ് ഈ സൗകര്യം ഉപയോഗിച്ച് നമ്പര്‍ പോര്‍ട്ട് ചെയ്തത്. സെപ്റ്റംബറില്‍ മാത്രം 48 ലക്ഷം പേര്‍ കമ്പനി മാറി. ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം താഴുന്നതായിട്ടാണ് കഴിഞ്ഞമാസത്തെ സൂചന.

Ads By Google

ഓഗസ്റ്റില്‍ 93.95 ഉപയോക്താക്കളുണ്ടായിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ ഇത് 93.77 കോടിയിലേക്ക് താഴ്ന്നു. 0.20% കുറവ്. മൊത്തം ഉപയോക്താക്കളില്‍ 77.10% പേരാണ് ഫോണ്‍ കാര്യമായി ഉപയോഗിക്കുന്നത്. നഗരങ്ങളില്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞു. 63.77 ശതമാനത്തില്‍ നിന്ന് 63.53 ശതമാനത്തിലേക്കാണ് താഴ്ന്നത്.

ഗ്രാമീണ ഉപയോക്താക്കളുടെ എണ്ണം 36.47 ശതമാനത്തിലേക്ക് ഉയര്‍ന്നു. സെപ്റ്റംബര്‍ വരെ മൊത്തം ടെലിഫോണ്‍ സാന്ദ്രത 77.28 ശതമാനത്തില്‍ നിന്ന് 77.04 ശതമാനത്തിലേക്ക് താഴ്ന്നു. ഇക്കാര്യത്തിലും നഗങ്ങളിലാണ് താഴ്ച.

ടെലികോം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 1.50 കോടിയായി. നേരത്തെ ഇത് 1.48 കോടിയായിരുന്നു.