എഡിറ്റര്‍
എഡിറ്റര്‍
നോട്ട ഇന്ത്യന്‍ രാഷ്ട്രീയത്തിന് നേട്ടമാകും: മോഹന്‍ലാല്‍
എഡിറ്റര്‍
Friday 21st March 2014 4:32pm

mohan-lal

തിരുവനന്തപുരം: നിഷേധ വോട്ടിങ് സമ്പ്രദായത്തോടെ ഇന്ത്യന്‍ രാഷ്ട്രീയം കരുത്താര്‍ജ്ജിച്ചതായി വിശ്വസിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ആം ആദ്മി പുതിയ രാഷ്ട്രീയബോധം സൃഷ്ടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഹല്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം സംബന്ധിച്ച് കുറിപ്പെഴുതിയിരിക്കുന്നത്.

ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് ഒരുത്സവമാണ്. നാട്ടിലെ ഓരോ മനുഷ്യനും നിലയും വിലയുമുണ്ടെന്ന് തോന്നുന്ന സമയമാണ് തെരഞ്ഞെടുപ്പ്. എത്ര വലിയ കൊമ്പത്തിരിക്കുന്ന നേതാവും മണ്ണിലേക്കിറങ്ങിവന്ന് ഏറ്റവും ദുര്‍ബലനും നിസ്സാരനുമെന്ന് കരുതുന്ന മനുഷ്യന്റെ മുന്നില്‍ കുനിഞ്ഞ് ഭിക്ഷാഭാവത്തില്‍ നില്‍ക്കുന്ന ദിവസങ്ങളാണ് വരുന്നതെന്നും അദ്ദേഹം ബ്ലോഗില്‍ എഴുതിയിരിക്കുന്നു.

യുവജനങ്ങളുടെ വോട്ടും നിഷേധവോട്ടുമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍. പോളിങ് ബൂത്തില്‍ എത്തുന്ന യുവജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയുള്ളവരാണ്. എവിടെയും മാറ്റം സാധ്യമാണെന്ന് അവര്‍ക്കറിയാം. ഒരു കൊടിയുടെയും ചിഹ്നത്തിന്റെയും ചുവടെ നില്‍ക്കാതെ രാഷ്ട്രീയമാവാം എന്ന് മനസ്സിലാക്കിയാണ് അവര്‍ പോളിങ് ബൂത്തില്‍ എത്തുന്നതെന്നും ലാല്‍ എഴുതുന്നു.

നിഷേധ വോട്ടെന്ന നോട്ട ഇത്തവണത്തെ വലിയൊരു പ്രത്യേകതയാണ്. യുവ വോട്ടര്‍മാരുടെ വോട്ടുകളെ നോട്ടയുടെ സാന്നിദ്ധ്യത്തോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. എത്ര ശതമാനം പുതിയ വോട്ടര്‍മാര്‍ നോട്ട ഉപയോഗിച്ചുവെന്ന് നോക്കിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടുത്ത തലമുറ എങ്ങനെയാണ് ഇടപെടുക എന്നത് മനസ്സിലാക്കാം. ഇവരെയൊന്നുമല്ല തങ്ങള്‍ക്ക് വേണ്ടത് എന്ന് പൊതുവേ വോട്ടര്‍മാരും യുവതയും എത്ര മാത്രം പറയുന്നുവെന്നറിയാന്‍ താന്‍ കൗതുകത്തോടെ കാത്തിരിക്കുകയാണ്.

സീറ്റിനുവേണ്ടിയുള്ള മത്സരങ്ങളെയും മറ്റും വിമര്‍ശിക്കുന്നുമുണ്ട് ലാല്‍ തന്റെ ബ്ലോഗിലൂടെ. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന് ആരും ചോദിക്കാറില്ല. അങ്ങനെ ചോദിച്ചു തുടങ്ങിയാല്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് ഇല്ലാതാവുമെന്നും മോഹന്‍ലാല്‍ ബ്ലോഗിലൂടെ പറയുന്നു.

Advertisement