സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ലോക്പാല്‍ ടീമംഗവുമായ പ്രശാന്ത് ഭൂഷണെ സുപ്രീംകോടതിയിലെ തന്റെ ചേംബറില്‍ വെച്ച് മൂന്നു പേര്‍ ക്രൂരമായി അക്രമിച്ചത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്. കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തിനുള്ള മറുപടി എന്നോണമാണ് ഭഗത്‌സിംഗ് ക്രാന്തിസേന എന്ന സംഘടന അദ്ദേഹത്തിനു മേല്‍ ആക്രമണം നടത്തിയത്.

ഭഗത്‌സിംഗ് ക്രാന്തിസേന എന്ന സംഘടനയുടെ ഫേസ്ബുക്ക് വാളില്‍ അവരുടെ നിലപാടു വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങിനെ: ‘നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ വെട്ടിമുറിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ നിങ്ങളുടെ തല വെട്ടിമുറിക്കും.’ ആക്രമണത്തിനു ശേഷം മണിക്കൂറുകള്‍ക്കകം നൂറുകണക്കിന് യൂവാക്കളാണ് ഇതിനെ അനുകൂലിച്ച് രംഗത്തു വന്നത്. ഒരു ആക്രമണം നടത്തിയ ശേഷം പരസ്യമായി ഇത്തരം തീവ്രവാദ നിലപാടുകള്‍ വിളിച്ചു പറയുന്നത്, അതിനോട് പരസ്യമായി യോജിപ്പ് പ്രകടിപ്പിക്കുന്നത് എല്ലാം ഞെട്ടലോടെ മാത്രമെ ജനാധിപത്യ വിശ്വാസികള്‍ക്ക് നോക്കിക്കാണാനാകൂ.

Subscribe Us:

കാശ്മീര്‍ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നവര്‍ക്കെതിരെ ഇതിനു മുന്‍പും അക്രമണം നടന്നിട്ടുണ്ട്. സംഘ്പരിവാര്‍ അനുകൂല സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ എന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമാണ് ഏറ്റവും വിലയേറിയ സ്വാതന്ത്ര്യം. അതിനെതിരായി നടക്കുന്ന കടന്നാക്രമണങ്ങളെ ജനാധിപത്യത്തിനെതിരായ ആക്രമണമായി കണ്ട് ചെറുത്തു തോല്‍പിക്കേണ്ടതാണ്. പ്രശാന്ത് ഭൂഷണെതിരായി നടന്ന ആക്രമണം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്.

ഇന്നലെ അവര്‍ അരുന്ധതി റോയിയെ തേടി വന്നു. നാം മിണ്ടിയില്ല. ഇന്ന് അവര്‍ പ്രശാന്ത് ഭൂഷണെ തേടി വന്നു. നാളെ നിങ്ങളെയും തേടി വരും, പ്രതികരിക്കാന്‍ ആരായിരിക്കും ശേഷിക്കുക….?