ന്യൂദല്‍ഹി: അക്രമം അവസാനിപ്പിച്ച് പിന്നാക്ക പ്രദേശങ്ങളില്‍ സാമ്പത്തികവും സാമൂഹികവുമായി മുന്നേറ്റം കൊണ്ടുവരാന്‍ സര്‍ക്കാരുമായി കൈക്കോര്‍ക്കാന്‍ നക്‌സലുകളോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇതിനായി മാവോവാദികള്‍ ചര്‍ച്ചക്ക് തയ്യാറാവണം.

അക്രമത്തിന്റെ പാതയിലേക്ക് തിരികെ പോകുന്നവരെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ 64ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ് . ലെ-ലഡാക്കില്‍ പ്രളയത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണ് പ്രധാനമന്ത്രി തന്റെ 7മത് സ്വതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്.

ആഭ്യന്തരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നക്‌സല്‍ ബാധിത സംസ്ഥാനങ്ങളില്‍ നിയമവാഴ്ച നിലനിര്‍ത്താന്‍ വേണ്ട എല്ല സഹയങ്ങളും നല്‍കുമെന്നും സുരക്ഷയുടെ കാര്യത്തില്‍ വിട്ടു വീഴ്ച്ചയ്ക്ക തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നക്‌സല്‍ പ്രശ്‌നം പരിഹരിക്കാന്‍ നാം നമ്മുടെ വ്യക്തിപരവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങളെക്കാള്‍ ഉയര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ശക്തവും സുസ്ഥിരവും ഐക്യവുമുള്ള രാഷ്ട്രമായി കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ പാതയിലാണ്. ഇന്ത്യയോടുള്ള ഭീകരവാദത്തിന് പാകിസ്ഥാന്‍ തടയിട്ടില്ലെങ്കില്‍ ചര്‍ച്ചകളുമായി മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
അയല്‍ രാജ്യങ്ങളുമായുള്ള ഏതൊരു അഭിപ്രായവ്യത്യാസവും ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങളിലൂടെ കശ്മീരിലെ ജനങ്ങള്‍ക്കോ സര്‍ക്കാരിനോ യാതൊരു പ്രയോജനവുമില്ലെന്ന് പ്രധാനമന്ത്രി മന്‍മാഹോന്‍ സിങ് പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ പ്രധാനഭാഗമാണെന്നും അവിടെ അക്രമം അഴിച്ചു വിടുന്ന ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസമായി കശ്മീരിന്റെ തെരുവുകളില്‍ 50 ഓളം യുവാക്കള്‍ കൊല്ലപ്പെട്ടതില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിച്ചതിനാല്‍ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പാവങ്ങളുടെ ഉന്നമനത്തിനായി നടപടികള്‍ എടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തിന്റെ ഉല്‍സവമായി ഒക്ടോബറില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ജനങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.