കൊല്‍ക്കത്ത: മാസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍ നിന്നേറ്റ നാണം കെട്ട തോല്‍വിക്ക് ഇന്ത്യന്‍ ടീമിന്റെ മധുര പ്രതികാരം. ഇംഗ്ലണ്ടിനെ നാണം കെടുത്തി ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ 95 റണ്‍സിന് സന്ദര്‍ശകരെ തകര്‍ത്താണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: ഇന്ത്യ: 271/8, ഇംഗ്ലണ്ട്: 37 ഓവറില്‍ 176ന് ഓള്‍ ഔട്ട്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സന്ദര്‍ശകര്‍ക്ക് മുന്നില്‍ 272 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയപ്പോള്‍ 37 ഓവറില്‍ 176 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. 8 ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും 9 ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് ദീവാലി സമ്മാനമായി ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ജഡേജ മാന്‍ ഓഫ് ദ് മാച്ച അവാര്‍ഡിനര്‍ഹനായപ്പോള്‍ പരമ്പരയിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോണി മാന്‍ ഓഫ് ദി സീരീസ് ബഹുമതി സ്വന്തമാക്കി.

ഇന്ത്യയുടെ സ്‌കോറിനെതിരെ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വിജയത്തിലേക്കെന്ന് തോന്നലുളവാക്കിയതിന് ശേഷമാണ് സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയക്കും, ആര്‍.അശ്വിനും മുന്നില്‍കറങ്ങി വീണത്. ഇരുവര്‍ക്കും മികച്ച പിന്തുണയുമായി പാര്‍ട്ട് ടൈം ബൗളര്‍മാരായ റെയ്‌നയും തിവാരിയും അണിനിരന്നപ്പോള്‍ ഇന്ത്യന്‍ വിജയം എളുപ്പമായി. നായകന്‍ അലിസ്റ്റര്‍ കുക്കും (60) ക്വീസ് വെറ്ററും(63) ചേര്‍ന്ന ഓപ്പണിംഗ് സംഖ്യം 20.2 ഓവറില്‍ 129 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയതിനുശേഷമാണ് അവിശ്വസിനീയമാം വിധം ഇംഗ്ലണ്ട് തകര്‍ന്നത്. അവസാന ഒമ്പത് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരില്‍ സമിത് പട്ടേലും(18), ഗ്രെയിം സ്വാനും(10) മാത്രമാണ് രണ്ടക്കം കടന്നത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 162 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ വാലറ്റത്തിന്റെ കൂട്ട് പിടിച്ച് ക്യാപ്റ്റന്‍ ധോണി ഇരുനൂറ് കടത്തുകയായിരുന്നു. പരമ്പരയില്‍ ഒരിക്കല്‍ കൂടി ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഇന്ത്യന്‍ നായകന്‍ 69 പന്തില്‍ മൂന്ന് ഫോറുകളുടെയും നാല് സിക്‌സറിന്റെയും സഹായത്തോടെ 75 റണ്‍സെടുത്ത പുറത്താകാതെ നിന്നു. അവസാന പത്തോവറില്‍ 90 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇതില്‍ അവസാന രണ്ടോവറില്‍ മാത്രം 39റണ്‍സാണ് പിറന്നത്.

ഫോമിലല്ലാത്ത പാര്‍ഥിവ് പട്ടേലിന് പകരം ഓപ്പണറുടെ റോളിലെത്തിയ ഗംഭീര്‍ മൂന്നാം ഏകദിനത്തിലെ ഹീറോ രെഹാനെയ്‌ക്കൊപ്പം മികച്ച തുടക്കമാണ് നല്‍കിയത്. ഇന്ത്യന്‍ സ്‌കോര്‍ 80ലെത്തിയപ്പോള്‍ ഗംഭീറിനെ വീഴ്ത്തി ബ്രെസനന്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. അതേ സ്‌കോറിന് മൂന്ന് വിക്കറ്റുകള്‍ വീണത് ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന  തോന്നലുളവാക്കിയെങ്കിലും പിന്നീടെത്തിയ തിവാരിയും(24) റെയനയും(38) ജഡേജയും(21) സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്താന്‍ സഹായകമായി. വാലറ്റത്തെ പ്രവീണ്‍ കുമാറിന്റെ(16) മിന്നലടികളും ഇന്ത്യക്ക സഹായകമായി.

ഇംഗ്ലണ്ടിനായി സമിത് പട്ടേല്‍ മൂന്നും ഫിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനത്തില്‍ മൂന്നാം തവണയാണ് ഇന്ത്യ 5-0ന് പരമ്പര സ്വന്തമാക്കുന്നത്. കഴിഞ്ഞ മാസം ഇംഗ്ലണ്ട് സന്ദര്‍ശനവേളയില്‍ ഒരു മത്സരവും ജയിക്കാന്‍ സാധിക്കാതെ വന്ന ആതിഥേയര്‍ക്കിതൊരു മധുര പ്രധികാരം കൂടിയായി. അന്ന് നാല് ടെസ്റ്റ് മത്സരങ്ങളും തോറ്റ ഇന്ത്യ ഏകദിന, ടി-20 പരമ്പരകളിലും അതിദയനീയമായി പരാജയമേറ്റ് വാങ്ങിയിരുന്നു.