ന്യൂദല്‍ഹി: വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായതിന്റെ പേരില്‍ നടപടിക്ക് വിധേയനായ മനു അഭിഷേക് സിങ്‌വി കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് തിരിച്ചെത്തി. നാളെ നടക്കുന്ന കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ അഭിഷേക് പങ്കെടുക്കുന്നുണ്ട്.

‘ ലോട്ടറി കേസില്‍ കോടതിയില്‍ ഹാജരാകാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് അഭിഷേക് സിങ്‌വി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ പാര്‍ട്ടി വക്താവ് സ്ഥാനത്തേക്ക് തിരിച്ചെടുത്തിരിക്കയാണ്. നാളെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സിങ്‌വി പങ്കെടുക്കും’ – എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദി അറിയിച്ചു.

കേരളത്തില്‍ ലോട്ടറി വിവാദത്തില്‍ ഭരണ-പ്രതിപക്ഷ ആരോപണം ശക്തമായിരിക്കെയായിരുന്നു സിങ്‌വി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായത്. ഇതോടെ പ്രതിരോധത്തിലായ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ ശക്തമായ ആവശ്യത്തിനൊടുവിലാണ് സിങ്‌വിയെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കാന്‍ ഹൈക്കമാന്റ് തീരുമാനമെടുത്തത്. സിങ്‌വി വിഷയം ഇടതു മുന്നണി ശക്തമായ പ്രചാരണവിഷയമാക്കിയിരുന്നു.

താന്‍ കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവായല്ലെന്നും അഭിഭാഷകനായാണെന്നുമായിരുന്നു വിവാദത്തോട് സിങ്‌വി ആദ്യം പ്രതികരിച്ചത്.