കൊച്ചി: ലോട്ടറിക്കേസില്‍ ഭൂട്ടാന്‍ സര്‍ക്കാറിനുവേണ്ടിയാണ് താന്‍ ഹാജരായതെന്ന അഭിഷേക് മനു സിംഗ്‌വിയുടെ വാദം പൊളിയുന്നു. കൊച്ചിയില്‍ സിംഗ്‌വി താമസിച്ച ഹോട്ടലിന്റെ ബില്‍ അടച്ചത് സാന്റിയാഗോ മാര്‍ട്ടിനാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലോട്ടറിക്കേസില്‍ തങ്ങള്‍ക്കുവേണ്ടി ഹാജരാകാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന ഭൂട്ടാന്‍ സര്ക്കാറിന്റെ വ്യക്തമാക്കിയിതിനു പിന്നാലെയാണ് പുതിയ വിവാദം.

കൊച്ചിയില്‍ സിംഗ്‌വി താമസിച്ച ഹോട്ടലിന്റെ ബില്‍ അടച്ചത് എസ് എസ് മ്യൂസിക് എന്ന സ്ഥാപനത്തിന്റെ പേരിലാണ്. ഇത് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. നേരത്തേ വാര്‍ത്താസമ്മേളനം നടത്തുന്നതില്‍ നിന്നും സിംഗ്‌വിയെ കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിരുന്നു.

അതിനിടെ സിംഗ്‌വിക്കെതിരേ ശക്തമായ ആരോപണങ്ങളുമായി ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഹൈക്കമാന്‍ഡിന്റെ അറിവോടെയാണ് സിംഗ്‌വി കോടതിയില്‍ വാദിക്കാനെത്തിയതെന്നും സാന്റിയാഗോ മാര്‍ട്ടിന്‍ കോണ്‍ഗ്രസ് നേതാവായാല്‍ അല്‍ഭുതപ്പെടേണ്ടതില്ലെന്നും കൊടിയേരി പ്രതികരിച്ചു.