ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് താന്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി. എന്‍ഡോസള്‍ഫാന് അനുകൂലമായി വ്യക്തിപരമായി താന്‍ നിലപാടെടുത്തിട്ടില്ല. ഇക്കാര്യം കേരളത്തിലെ എം.പിമാരെ ഇ-മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നിരോധനത്തെ താന്‍ കോടതിയില്‍ എതിര്‍ത്തിട്ടില്ല. കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിലപാട് കോടതിയില്‍ അറിയിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹരജിക്കെതിരായാണ് കഴിഞ്ഞ ദിവസം സിംഗ്‌വി സുപ്രീം കോടതിയില്‍ ഹാജരായത്. എന്‍ഡോസള്‍ഫാന്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സിംഗ്‌വി കോടതിയില്‍ ഉന്നയിച്ചത്.

നേരത്തെ ലോട്ടറി മാഫിയകള്‍ക്ക് വേണ്ടി സിംഗ്‌വി കോടതിയില്‍ ഹാജരായത് വിവാദമായിരുന്നു. ഇതിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ സിംഗ്‌വിയെ അടുത്തിടെയാണ് തിരിച്ചെടുത്തത്.

എന്‍ഡോസള്‍ഫാന് വേണ്ടി ഹാജരായത് അഭിഷേക് സിംഗ്‌വി