ന്യൂദല്‍ഹി: സംസ്ഥാനത്ത് വി.എം സുധീരനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ഡോസള്‍ഫാനെതിരെ ശക്തമായ നിലപാടെടുക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മാതക്കള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി ഹാജരായി. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക അസോസിയേഷന് വേണ്ടിയാണ് സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ മനു അഭിഷേക് സിംഗ്‌വി ഹാജരായത്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹരജിക്കെതിരായാണ് സിംഗ്‌വി ഹാജരായത്. എന്‍ഡോസള്‍ഫാന്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സിംഗ്‌വി കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമെ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി അനുവദിക്കാവൂവെന്ന് കോടതി നിര്‍ദേശിച്ചു. വ്യവസ്ഥകള്‍ തയ്യാറാക്കാന്‍ ഐ.സി.എം.ആര്‍, ഐ.സി.എ.ആര്‍ സംയുക്ത സമതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാനെക്കുറിച്ച് കോടതിക്ക് നല്ല ബോധ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. നിനിലവിലുള്ള ഉത്തരവുകള്‍ പ്രകാരമെ കയറ്റുമതി അനുവദിക്കാവൂ. അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രകാരമെ കയറ്റുമതി സംബന്ധിച്ച നിബന്ധനകള്‍ പരിഗണിക്കാവൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി. എത്രത്തോളം എന്‍ഡോസള്‍ഫാന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ കഴിയും, എന്‍ഡോസള്‍ഫാന്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷനിലെ തീരുമാനമെന്താണ് എന്നീ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സംയുക്ത സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം, കര്‍ണ്ണാടക ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് എതിര്‍പ്പില്ലെന്ന സര്‍ക്കാര്‍ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വാങ്ങാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ ലോട്ടറി മാഫിയകള്‍ക്ക് വേണ്ടി സിംഗ്‌വി കോടതിയില്‍ ഹാജരായത് വിവാദമായിരുന്നു. ഇതിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ സിംഗ്‌വിയെ അടുത്തിടെയാണ് തിരിച്ചെടുത്തത്.