മുംബൈ: ബച്ചന്‍ കുടുംബത്തിന് ഇപ്പോള്‍ ശനിദശയാണെന്ന് തോന്നുന്നു. ഈ മാസം ആദ്യ അഭിഷേകിന് ഷൂട്ടിംഗിനിടെ പരിക്കേറ്റിരുന്നു. അതേ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വീണ്ടും അഭിഷേകിന് പരിക്കു പറ്റിയതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു. ജയ്പൂരില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന രോഹിത് ഷെട്ടിയുടെ ‘ബോല്‍ ബച്ചന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അഭിഷേകിന്റെ ഇടതു കൈവിരലിനാണ് ഇത്തവണ പരിക്കേറ്റത്.

ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലേക്കു പോവുന്നതിനിടെ ക്രിക്കറ്റ് പന്ത് കൊണ്ടാണ് അഭിഷേകിന് പരുക്കേറ്റത്. സെറ്റിലുണ്ടായിരുന്ന ജീവനക്കാര്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പന്തു തന്റെ നേരെ വന്നപ്പോള്‍ മുഖത്തുകൊള്ളാതിരിക്കാന്‍ കൈ കൊണ്ടു തടുക്കുകയായിരുന്നു അഭിഷേകെന്ന് പിതാവ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ അറിയിച്ചു.

ഇതേ ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിന്റെ ഷൂട്ടിംഗിനിടെ അഭിഷേകിന് നേരത്തെയും പരിക്കേറ്റിരുന്നു. അന്ന് കണ്ണിന് മുകളിലേറ്റ മുറിവില്‍ ആറ് സ്റ്റിച്ചുണ്ടായിരുന്നു. അടുത്തിടെ അമിതാഭ് ബച്ചനും ഷൂട്ടിങ്ങിനിടെ പരുക്കേറ്റിരുന്നു.