ബോളിവുഡ് താരം അഭിഷേക് ബച്ചന് ഷൂട്ടിംഗിനിടെ പരിക്ക്. കണ്ണിന് മുകളിലായി ഉണ്ടായ മുറിവില്‍ ആറ് സ്റ്റിച്ചുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജയ്പൂരില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന രോഹിത് ഷെട്ടിയുടെ ‘ബോല്‍ ബച്ചന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് പരിക്കേറ്റത്.

റിക്ഷകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിനിടെ സ്‌റ്റെപ്പ് വഴുതി റിക്ഷയിന്മേലുള്ള ഇരുമ്പ് ഭാഗത്ത് ഇടിക്കുകയായിരുന്നു. രക്തമൊലിക്കാന്‍ തുടങ്ങിയപ്പോള്‍ സംവിധായകന്‍ രോഹിത് മുറിവില്‍ ഐസ് വെയ്ക്കുകയും നാവില്‍ പഞ്ചസാര വെച്ചു കൊടുക്കുകയും ചെയ്തു-എന്ന് പിതാവ് അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗില്‍ വിവരിച്ചിട്ടുണ്ട്.

ഭോല്‍ ബച്ചനില്‍ അഭിഷേകിനെ കൂടാതെ അസിനും അജയ്‌ദേവ്ഗണും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

താരം ഇപ്പോള്‍ മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തി വിശ്രമത്തിലാണെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഇപ്പോള്‍ വിശ്രമത്തിലാണെന്നും ഉടന്‍ ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തുമെന്നും അഭിഷേക് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.