ഭാര്യയോടും പ്രണയിനിയുമോടുമുള്ള സ്‌നേഹം ടാറ്റൂ രൂപത്തില്‍ പതിക്കുന്ന ട്രന്റ് ബോളിവുഡ് നടന്‍മാരില്‍ ഈയിടെ കാണുന്നുണ്ട്‌. ഹൃത്വിക്ക് റോഷനും സെയ്ഫ് അലി ഖാനും പിറകേ അഭിഷേക് ബച്ചനെയും ടാറ്റൂ പ്രേമം പിടികൂടിയിരിക്കുകയാണ്. തന്റെ പ്രിയതമ ഐശ്വര്യ റായിയുടെ പേര് ടാറ്റൂ രൂപത്തില്‍ പതിക്കാനുള്ള ആഗ്രഹം അഭിഷേക് ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്.

പുതിയ ചിത്രമായ ‘ദം മാരോ ദം ‘ ന്റെ പ്രചരണാര്‍ത്ഥം നടത്തിയ പരിപാടിയ്ക്കിടെയാണ് അഭിഷേക് ഐശ്വര്യയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി തന്റെ ശരീരത്ത് ആഷിന്റെ പേര് ടാറ്റൂ രൂപത്തില്‍ പതിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയത്. പക്ഷേ ഡിസൈന്‍ ഏതെന്ന് തീരുമാനിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അതിന്റെ ആശയക്കുഴപ്പത്തിലാണിപ്പോഴെന്നും അഭിഷേക് പറയുന്നു.

തന്റെ ഹൃദയത്തില്‍ ഐശ്വര്യ പതിഞ്ഞു കഴിഞ്ഞു. ബാഹ്യശരീരത്തിലും ഐശ്വര്യ എപ്പോഴും കൂടെയുണ്ടെന്ന തോന്നലുണ്ടാക്കാനാണ് ടാറ്റൂപതിക്കുന്നതെന്നാണ് അഭി പറയുന്നത്. നാല് വര്‍ഷമായി ഐശ്വര്യ അഭിയുടെ ജീവിതത്തിലേക്ക് വന്നിട്ട്. ഏപ്രില്‍ 20ന് ഇരുവരും തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.

സെയ്ഫ് അലിഖാന്‍ കാമുകി കരീന കപൂറിന്റെ പേര് കൈയില്‍ പതിച്ചിരുന്നു. തന്റെ ഭാര്യ സുസന്നയോടുള്ള പ്രണയസൂചകമായി ഹൃത്വിക്കും ദേഹത്ത് ഭാര്യയുടെ പേര് പതിച്ചിരുന്നു.