ന്യൂദല്‍ഹി: കായിക രംഗത്തെ രാഷ്ട്രീയ ഇടപെടലില്‍ മനം മടുത്ത് ഷൂട്ടിംഗ് ഉപേക്ഷിക്കാന്‍ താന്‍ തയ്യാറെടുക്കുകയാണെന്ന് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ ആര്‍ എ ഐ)യിലെ ഒരു ഉന്നത അംഗം തനിക്കെതിരെ ചരടുവലി നടത്തുകയാണെന്ന് ബിന്ദ്ര ആരോപിച്ചു.

കഴിഞ്ഞ ദിവസം കോമണ്‍വെല്‍ത്ത് ഗെയിംസിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് അഭിനവ് ബിന്ദ്രയെ ഒഴിവാക്കിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയുടെ പ്രസ്താവന ദേശീയ കായിക രംഗത്തെ ഞെട്ടിച്ചിരിക്കയാണ്.

കായിക രംഗത്തെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും സാമ്പത്തിക ലാഭം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനവും കായിക രംഗത്തിന്റെ ഭാവി തകര്‍ക്കുമെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. രാഷ്ട്രീയ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ് അസോസിയേഷന്‍ നിയമനം നടക്കുന്നതെന്നാണ് ആരോപണം.