കൊച്ചി: പി.എസ്.സി നിയമന തട്ടിപ്പ് കേസിലെ പ്രധാന പ്രതി അഭിലാഷ് പിള്ളയും തട്ടിപ്പിലൂടെ ജോലി നേടിയ സൂരജ് കൃഷ്ണയും കോടതിയില്‍ കീഴടങ്ങി. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ഇവര്‍ എറണാകുളം സി.ജെ.എം കോടതിയിലെത്തിയത്. ഈ മാസം 22 വരെ കോടതി റിമാന്റ് ചെയത ഇരുവരെയും എറണാകുളം സബ് ജയിലിലേക്ക് അയച്ചു.

അഭിലാഷ് പിള്ളയുടെ അമ്മാവന്റെ മകനാണ് സൂരജ് കൃഷ്ണ. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ലെന്നും സമയമാവുമ്പോള്‍ പറയാമെന്നും അഭിലാഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ സര്‍വീസിലെ നിയമന രീതിയില്‍ നിലനില്‍ക്കുന്ന പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് അഭിലാഷ് എസ്. പിള്ള തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. സൂരജ് കൃഷ്ണക്ക് ജോലി തരപ്പെടുത്തി നല്‍കിയതും അഭിലാഷ് പിള്ളയാണ്. 21 ാം വയസില്‍ നെടുമങ്ങാട് റവന്യൂ റിക്കവറി ഓഫിസില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച അഭിലാഷ് യു.ഡി ക്ലാര്‍ക്കായി പ്രമോഷന്‍ ലഭിച്ചാണ് വയനാട്ടിലേക്കു പോയത്.

സൂരജ് കൃഷ്ണക്കൊപ്പം പ്രേംജിത്തിനും തട്ടിപ്പിലൂടെ ജോലിക്ക് അവസരമൊരുക്കി നല്‍കിയത് അഭിലാഷ് പിള്ളയാണ്. നെടുമങ്ങാട് കല്ലിംഗല്‍ ലതാഭവനില്‍ സോമന്‍പിള്ളയുടെയും കനകലതയുടെയും മകന്‍ അഭിലാഷ്. അഭിലാഷിന്റെ അമ്മ കനകലത ഇപ്പോള്‍ കരകുളം സബ് രജിസ്ട്രാറാണ്. ആനാട് നിന്നും ആറുമാസം മുമ്പാണ് അഭിലാഷിന്റെ കുടുംബം നെടുമങ്ങാട് താമസമാക്കിയത്.

കേസിലെ മുഖ്യ സൂത്രധാരനായ ജെ.പി എന്ന ജനാര്‍ദ്ദനന്‍ പിള്ളയാണ് അഭിലാഷിനെ തിരുവനന്തപുരത്ത് നിന്ന് വയനാട് കലക്ടറേറ്റിലേക്ക് എത്തിച്ചത്. മേലധികാരിക്കു വേണ്ടി ഫയലുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് അഭിലാഷായിരുന്നു.

വകുപ്പ് മേലധികാരിയാണ് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. റവന്യൂ വകുപ്പില്‍ ജില്ലാതല നിയമനങ്ങള്‍ നടത്തേണ്ട കലക്ടര്‍മാര്‍, ജോലിത്തിരക്കുമൂലം ഈ ചുമതല എ.ഡി.എമ്മിനെയും എ.ഡി.എം താഴെയുള്ള ഉദ്യോഗസ്ഥരെയും ഏല്‍പ്പിക്കുകയാണു പതിവ്. വയനാട്ടില്‍ ഈ ചുമതല അഭിലാഷിനായിരുന്നു. പി.എസ്.സി അയയ്ക്കുന്ന അഡൈ്വസ് ലെറ്റര്‍ വ്യാജമായി നിര്‍മിച്ചും തിരുത്തിയുമാണ് ഇയാള്‍ നിയമനം നടത്തിയത്.

വയനാട് ജില്ലയില്‍ ഈ കാലയളവില്‍ എട്ട് ഒഴിവുകളാണ് റവന്യൂ വകുപ്പ് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇതിലേക്കു പിഎസ്‌സി എട്ടു പേരുകള്‍ ഉള്‍പ്പെട്ട അഡൈ്വസ് ലെറ്റര്‍ അയച്ചു. ജില്ലാ ഓഫിസില്‍ നിന്ന് റജിസ്‌റ്റേര്‍ഡ് തപാലില്‍ കലക്ടറേറ്റിലേക്ക് അയച്ച ഈ നിര്‍ണായക രേഖ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ അഭിലാഷായിരുന്നു.

പിഎസ്‌സി അഡൈ്വസ് ലെറ്റര്‍ അയച്ച എട്ടു പേരെയും ഒരു വ്യാജനെയും ചേര്‍ത്ത് ഇയാള്‍ ഒന്‍പതു പേരുടെ മറ്റൊരു ലിസ്റ്റുണ്ടാക്കി. അങ്ങനെ അര്‍ഹരായ എട്ടു പേര്‍ക്കൊപ്പം ഒരാള്‍കൂടി കയറിപ്പറ്റി. പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഒഴിവിലേക്ക് പിഎസ്‌സി ഒരാളുടെ പേരുള്ള അഡൈ്വസ് ലെറ്റര്‍ അയച്ചു. അതില്‍ ഒരുപേരുകൂടി ചേര്‍ത്ത് അഭിലാഷ് രണ്ടു പേരുടെ ലിസ്റ്റാക്കി. അങ്ങനെ രണ്ടാമത് ഒരാള്‍കൂടി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. ഇതേ രീതിയില്‍ തന്നെയാണ് മറ്റുള്ളവരും ജോലി നേടിയത്.