എഡിറ്റര്‍
എഡിറ്റര്‍
അഭയകേസ്: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളി
എഡിറ്റര്‍
Tuesday 18th September 2012 10:00am

തിരുവനന്തപുരം: അഭയകേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് ഹരജികള്‍ തള്ളിയത്.

Ads By Google

അഭയയുടെ ശിരോവസ്ത്രം അടക്കമുള്ള തെളിവുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജികളില്‍ പറയുന്ന കാര്യങ്ങളെല്ലാം സി.ബി.ഐയുടെ നേരത്തെയുള്ള അന്വേഷണങ്ങളില്‍ ഉള്‍പ്പെട്ടതാണെന്നും ഇതില്‍ പ്രത്യേകിച്ച് തെളിവുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും കോടതി വിലയിരുത്തി.

അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, അഡ്വക്കറ്റ് നെയ്യാറ്റിന്‍കര പി.നാഗരാജ്, ക്രൈംബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി കെ.ടി. മൈക്കിള്‍ എന്നിവരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ബി.ഐ കോടതിയെ സമീപിച്ചത്. തുടരന്വേഷണ ആവശ്യത്തെ സി.ബി.ഐ ശക്തമായി എതിര്‍ത്തിരുന്നു.

അഭയയുടെ ബന്ധുക്കളോ മറ്റുള്ളവരോ ആവശ്യമുന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹരജികള്‍ തള്ളിയത്.

1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുള്ള സാഹചര്യത്തില്‍ തിരുവനന്തപുരം സി.ബി.ഐ. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തുടരന്വേഷണം വേണമെന്ന ഹരജികള്‍ തള്ളണമെന്നും സി.ബി.ഐ. സീനിയര്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്.

1993ലാണ് സി.ബി.ഐ. അഭയകേസ് ഏറ്റെടുത്തത്.

Advertisement