ന്യൂദല്‍ഹി: അഭയ കേസ് നടത്തിപ്പിനായി ബിഷപ്പുമാരും രാഷ്ട്രീയ നേതാക്കളും തന്നെ സഹായിച്ചതായി ജോമോന്‍ പുത്തന്‍പുരക്കല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് നടത്തിപ്പിനായി കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല 15,000 നല്‍കിയതായി ജോമോന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ബി ജെ പി നേതാവ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള 5000 രൂപയും സി പി ഐ എം നേതാക്കളായ ടി കെ രാമകൃഷ്ണനും ലോനപ്പന്‍ നമ്പാടനും 10,000 രൂപയും ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ 10,000 രൂപയും നല്‍കിയെന്നും ജോമോന്‍ കോടതിയെ അറിയിച്ചു. പി സി ജോര്‍ജ് എം എല്‍ എ ഒരു ലക്ഷം രൂപ കടമായി നല്‍കി. 20,000 രൂപ അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട് .

യാക്കോബായ സഭയിലെ യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത, കാലം ചെയ്ത ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിവരാണ് സഹായം നല്‍കിയ ബിഷപ്പുമാര്‍. ആകെ 41 പേരാണ് സഹായം നല്‍കിയത്.

Subscribe Us:

കേസ് നടത്തിപ്പിലൂടെ ജോമോന്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്ന് കാണിച്ച് നല്‍കിയ ഹരജിയില്‍ ജോമോനെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജോമോന്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് സുപ്രീം കോടതി അന്വേഷണം സ്‌റ്റേ ചെയ്യുകയായിരുന്നു. എന്നാല്‍ ജോമോനോട് ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.