sisterabhaya

കൊച്ചി: അഭയകേസ് കുറ്റപത്രത്തിന്മേലുള്ള തുടര്‍ നടപടികള്‍ക്കായി സി.ജെ.എം. കോടതി ഒക്‌ടോബര്‍ 12 ലേക്കു മാറ്റി. സി.ബി.ഐ നല്‍കിയ രേഖകള്‍ പരിശോധിക്കാന്‍ സമയം നല്‍കണമെന്ന കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്.

കേസ് സംബന്ധിച്ച എല്ലാ രേഖകളും പ്രതിഭാഗത്തിന് നല്‍കിയിട്ടുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. എല്ലാ രേഖകളും ഉണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 12നകം ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ കോടതി പ്രതിഭാഗത്തോട് നിര്‍ദേശിച്ചു.

നാര്‍കോ പരിശോധനയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനെതിരെ സിസ്റ്റര്‍ സെഫിയുടെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി 22ലേക്കുമാറ്റിയിട്ടുണ്ട്.

എന്നാല്‍ നാര്‍ക്കോ സി.ഡി.യുടെ ഒറിജിനല്‍ വീണ്ടെടുക്കണമെന്ന നിര്‍ദേശം സി.ബി.ഐ. പാലിച്ചില്ലെന്ന് കാണിച്ച് അഭയയുടെ പിതാവ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി.