തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ രാസ പരിശോധനാ ഫലത്തില്‍ തിരുത്തല്‍ വരുത്തിയെന്ന് മൊഴി. തിരുവനന്തപുരം രാസപരിശോധനാ ലാബിലെ ഉദ്യോഗസ്ഥരായിരുന്ന ആര്‍ ഗീത, എം ചിത്ര എന്നിവര്‍ സിസ്റ്റര്‍ അഭയയുടെ ആന്തരാവയവ പരിശോധനാ ഫലത്തില്‍ തിരുത്തല്‍ വരുത്തിയെന്ന് മൊഴി.

രജിസ്ട്രാര്‍ പരിശോധിച്ച ഒറിജിനല്‍ വര്‍ക്ക് രജിസ്റ്റര്‍ പരിശോധിച്ച ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ മുന്‍ അസിസ്റ്റന്റ് കെമിക്കല്‍ എക്‌സാമിനര്‍ വൈ. സൂര്യപ്രസാദാണ് കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു വിചാരണ.

ഗീതയും ചിത്രയും ചേര്‍ന്ന് എട്ടോളം സ്ഥലങ്ങളില്‍തിരുത്തല്‍ നടത്തിയെന്ന് മൊഴിയില്‍ പറയുന്നു. പരിശോധനയില്‍ ശുക്ലം കണ്ടോ ഇല്ലയോ എന്ന് എഴുതേണ്ടിടത്ത് ‘പോസിറ്റീവ്’ എന്നെഴുതിയത് വെട്ടി നെഗറ്റീവാക്കിയെന്നാണ് കണ്ടെത്തിയത്. ഇരുവരുടെയും കൈയക്ഷരം തന്നെയാണ് രജിസ്റ്ററിലുള്ളതെന്നും സൂര്യപ്രസാദ് മൊഴിനല്‍കി. കേസ് സപ്തംബര്‍ 2ന് വീണ്ടും പരിഗണിക്കും. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ആരോപണവുമായി കോടതിയില്‍ എത്തിയത്.