തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍ കുമാറിനെതിരായ ആരോപണങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. അരുണ്‍കുമാറിന് ഐ.എച്ച്.ആര്‍.ഡിയില്‍ സ്ഥാനക്കയറ്റം നല്‍കിയത് നിയമവിരുദ്ധമാണെന്ന അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അരുണ്‍കുമാറിന് വഴിവിട്ട് സ്ഥാനക്കയറ്റങ്ങള്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി രണ്ടു റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചെന്നും അബ്ദുറബ്ബ് പറഞ്ഞു. നിയമസഭയില്‍ പി.സി.വിഷ്ണുനാഥിന്റെ സബ്മിഷനു മറുപടിയായാണ് അബ്ദുറബ്ബ് ഇക്കാര്യം അറിയിച്ചത്.

വി.എ.അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡിയില്‍ പ്രിന്‍സിപ്പല്‍, ജോയിന്റ് ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതാണ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.