തിരുവന്തപ്പുരം: ജൂബിലി മിഷന്‍ കോളേജില്‍ മകന് ലഭിച്ച സീറ്റ് ഉപേക്ഷിക്കുമെന്ന് പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രി വാക്ക് മാറ്റി. മകന്‍ അവിടെ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ മകന്‍ മാനേജ്‌മെന്റ് സീറ്റിലാണ് പ്രവേശനം ലഭിച്ചതെന്നും ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്‌നമില്ലെന്നും മന്ത്രി പറഞ്ഞു.

സ്വാശ്രയ പി. ജി. വിവാദം കത്തി നില്‍ക്കുമ്പോഴാണ് സര്‍ക്കാറിന് സീറ്റുകള്‍ വിട്ട് കൊടുക്കാത്ത ജൂബിലി മിഷന്‍ കേളേജില്‍ പ്രവേശനം നേടിയ തന്റെ മകന്‍ നിയാസ് നഹയുടെ സീറ്റ് വേണ്ടെന്ന് വെയ്ക്കുമെന്ന് അബ്ദുറബ്ബ് പറഞ്ഞത്. ഇപ്പോഴും മകന്‍ അവിടുന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയില്ലെന്ന കണ്ടെത്തലുമായി ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത കൊടുത്തു. വിദ്യാര്‍ത്ഥി അവധിയിലാണെന്നാണ് കോളേജില്‍ നിന്ന് ലഭിച്ച വിവരം.

വാര്‍ത്ത പുറത്ത് വന്നപ്പോഴാണ് മന്ത്രി തന്റെ ഇപ്പോഴത്തെ നിലപാട് പറഞ്ഞത്. കോടതി വിധി പ്രകാരം കോളേജ് സീറ്റുകള്‍ സര്‍ക്കാറിന് വിട്ട് നല്‍കിയതോടെ തന്റെ മകന്‍ സീറ്റ് ഉപേക്ഷിക്കേണ്ട ആവശ്യമില്ല. മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയമകന്‍ അവിടെ തന്നെ പഠിക്കുമെന്നും മകന്റെ കാര്യത്തില്‍ വിവാദം വേണ്ടെന്നും അബ്ദുറബ്ബ് വ്യക്തമാക്കി.

മന്ത്രി പൊതുജനത്തെ കബളിപ്പിക്കുകയാണെന്ന് വാര്‍ത്തയോട് എസ്. എഫ്. ഐ പ്രതികരിച്ചു. ജനങ്ങളോടൊന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് എസ്. എഫ്. ഐ  സംസ്ഥാന നേതാവ് പി. ബിജു പ്രതികരിച്ചു.