തിരുവനന്തപുരം: മുസ്‌ലീം ലീഗ് കോഴ വാങ്ങിയെന്ന് പറയാന്‍ ലീഗ് ഒരു മനുഷ്യനാണോയെന്ന് മന്ത്രി പി.കെ അബ്ദുറബ്ബ്. ലീഗ് ഒരു രാഷ്ട്രീയ കക്ഷിയാണ്.

Ads By Google

ഏതെങ്കിലും വ്യക്തികള്‍ പണം വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയാല്‍ അന്വേഷിക്കും. അല്ലാതെ വെറുതെ ആക്ഷേപം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

പടനിലം സ്‌കൂളില്‍ ഹയര്‍സെക്കന്ററി അനുവദിക്കുന്നതിന് സി.പി.ഐ.എം കാര്‍ ലീഗിന് കോഴ നല്‍കിയെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആരുടേയും കോഴവാങ്ങാന്‍ നിന്നുകൊടുക്കുന്നവരല്ല ലീഗില്‍ പ്രവര്‍ത്തിക്കുന്നവര്‍. ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് എന്തെങ്കിലും അടിസ്ഥാനം വേണം. എവിടേയും തൊടാതെ എന്തെങ്കിലും പറയുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ ഒന്ന് മുതല്‍ സേവനവാരം നടത്തുമെന്നും മന്ത്രി അറിയിച്ചു.സേവനവാരത്തിന് മുന്നോടിയായി 30ാം തിയ്യതി വൈകീട്ട് എല്ലാ വാര്‍ഡുകളിലും പ്രഖ്യാപന ജാഥ നടത്തുമെന്നും മന്ത്രി അറിയിച്ചു.