എഡിറ്റര്‍
എഡിറ്റര്‍
മഞ്ച് ഒരു മാരകായുധമാണ്..!
എഡിറ്റര്‍
Monday 6th March 2017 12:45pm

കുട്ടികള്‍ക്കു മുന്നിലെത്തുമ്പോള്‍ ‘ഡോക്ടര്‍ അങ്കിള്‍’ എന്നാണയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. കൈനിറയെ മിഠായികളും ബലൂണുകളുമായാണ് ജോസഫ് മെഞ്ചല്‍ എന്ന ആ ഡോക്ടര്‍ കുട്ടികളെ കാണാന്‍ വന്നിരുന്നത്. പക്ഷേ, മധുരമിഠായികള്‍ കൊതിച്ച് അയാള്‍ക്കൊക്കൊപ്പം പോയ കുഞ്ഞുങ്ങളൊന്നും പിന്നീട് മടങ്ങിവന്നില്ല.

നാസി ഭീകരതയുടെ കാലത്ത് Auschwitz പീഠനക്യാമ്പില്‍ കുഞ്ഞുങ്ങള്‍ക്കുമേല്‍ ക്രൂരമായ വൈദ്യപരീക്ഷണങ്ങള്‍ നടത്തിയ ഡോക്ടറായിരുന്നു ജോസഫ് മെഞ്ചല്‍. മിഠായികള്‍ കാണിച്ച് കൂട്ടിക്കൊണ്ടു വരുന്ന കുഞ്ഞുങ്ങളെ ഇരുണ്ട പരീക്ഷണശാലയിലെത്തിച്ച് അനസ്‌തേഷ്യപോലും നല്‍കാതെ അവരുടെ അവയവങ്ങള്‍ കീറിമുറിച്ചു രസിക്കുകയായിരുന്നു ജോസഫ് മെഞ്ചല്‍.

ആ പൈശാചിക പരീക്ഷണങ്ങളില്‍ അയാള്‍ വിചിത്രമായ ആനന്ദം കണ്ടെത്തി. ഓര്‍ക്കുക, മനുഷ്യരൂപമുള്ള ആ ചെകുത്താന്റെയും ആയുധം മധുരമുള്ളൊരു ‘മഞ്ചാ’യിരുന്നു!

ജോസഫ് മെഞ്ചല്‍

ഭൂമിയില്‍ ഒന്നുമറിയാത്തവരായി ഒരു വര്‍ഗ്ഗമേയുള്ളൂ, കുഞ്ഞുങ്ങള്‍. ഒരു ‘മഞ്ചു’ കാട്ടി നമുക്കവരെ ഏതു നരകത്തിലേക്കും കൊണ്ടുപോകാം. ‘മഞ്ചി’നുള്ളില്‍ പുരട്ടിയിരിക്കുന്ന വിഷത്തെക്കുറിച്ച് ഒരു പത്തുവയസ്സുകാരി സംശയിക്കുകപോലുമില്ല. താനേറ്റ പീഠനങ്ങളുടെ പേരില്‍ അവള്‍ നാളെ ഒരവകാശസമരവും നടത്താന്‍പോകുന്നില്ല. അവള്‍ കുഞ്ഞാണ്, ലോകത്തെ തിരിച്ചറിയാത്ത കുഞ്ഞ്..!

ചരിത്രത്തിലെമ്പാടും പുരണ്ട കുഞ്ഞുങ്ങളുടെ ചോര മാത്രം ആരും രക്തസാക്ഷിത്വമായി എണ്ണിയിട്ടില്ല. കംസനും ഫറവോനും ഹെറോദേസും കൊന്നുതള്ളിയ കുഞ്ഞുങ്ങളെ ആരും ഓര്‍ക്കുന്നില്ല. രക്ഷപ്പെട്ട കണ്ണനേയും മൂസയേയും ക്രിസ്തുവിനേയും മാത്രമേ നമുക്കറിയൂ. കുഞ്ഞുങ്ങളുടെ കണ്ണീരും ചോരയും ലോകം എപ്പോഴും മറന്നുപോകുന്ന ഒന്നാണ്. സിറിയ മുതല്‍ അഫ്ഗാന്‍വരെ ഇപ്പോഴുമത് ഒഴുകുന്നുണ്ട്, അന്തമില്ലാത്ത പുഴപോലെ…

കഥകളിലും ചരിത്രത്തിലും കുഞ്ഞുങ്ങളുടെമേല്‍ പ്രയോഗിക്കപ്പെട്ടത് വിഷമൊളിപ്പിച്ച മധുരമായിരുന്നു. പൂതന ഉണ്ണിക്കണ്ണനരികിലെത്തുന്നത് മുലപ്പാല്‍ മധുരത്തില്‍ കൊടുംവിഷമൊളിപ്പിച്ചാണ്. ഇന്നും മുതിര്‍ന്നവരുടെ വൃത്തികെട്ട ലോകം അങ്ങനെതന്നെ. അവര്‍ക്കറിയാം, അഞ്ചാം ക്ലാസ്സുകാരിയോടു തോന്നുന്ന കാമം ഒരു മഞ്ചുകൊണ്ട് അനായാസം നേടിയെടുക്കാന്‍ കഴിയുമെന്ന്!

ബ്രസീലില്‍ അടുത്തിടെ ഒരഞ്ചു വയസ്സുകാരിയെ നഴ്‌സി സ്‌കൂളിലെ അധ്യാപകനായ വൈദികന്‍ പീഠിപ്പിച്ചത് പുറംലോകമറിഞ്ഞത് ആ പിഞ്ചുകുഞ്ഞ് നോട്ടുബുക്കില്‍ വരച്ചിട്ട ചിത്രങ്ങളിലൂടെയായിരുന്നു. ആ കുഞ്ഞിനെയും എന്നും ഉച്ചതിരിഞ്ഞ് ആ വൈദികന്‍ തന്റെ ഉറക്കറയിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത് ചോക്കലേറ്റുകള്‍ നല്‍കിയായിരുന്നു.

ലോകത്ത് ഓരോ ദിവസവും പുറത്തുവരുന്ന ഏതു ശിശുപീഠനകഥയിലുമൊരു മിഠായിയുണ്ട്. കേരളത്തിലെ ആ കഥയില്‍ പത്തു വയസ്സുകാരി അപകടമറിയാതെ നുണയുന്ന അതേ മഞ്ച്..!

കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ പുരോഹിതരുടെ ക്രൂരമായ ലൈംഗികപീഡനങ്ങള്‍ക്കിരയായ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ കഥയിലും ഈ ‘മഞ്ചു’ണ്ട്. ആഫ്രിക്കയില്‍ മതത്തിന്റെ പേരില്‍ ജനനേന്ദ്രിയം ഛേദിക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ആ ചേലാകര്‍മ്മത്തിനു തൊട്ടുമുമ്പ് മധുരം നല്‍കാറുണ്ടെന്ന് വായിച്ചതോര്‍ക്കുന്നു.

മതപൗരോഹിത്യമായാലും പരിധികളില്ലാത്ത ലൈംഗികവാദത്തിലൂന്നിയ അരാജകത്വമായാലും ഫാസിസമായാലുമൊക്കെ കുട്ടികളുടെ ചോരയ്ക്ക് അവരൊരു സൈദ്ധാന്തിക ന്യായീകരണം ചമച്ചിരിക്കും. കേരളത്തിലെ വൈദികപീഠനത്തില്‍ പെണ്‍കുട്ടിയെ കുറ്റക്കാരിയാക്കുന്ന മുഖപ്രസംഗവും പത്തു വയസ്സുകാരിക്ക് മഞ്ചുനല്‍കി ലൈംഗികത ആസ്വദിക്കുന്നയാള്‍ക്ക് പിന്തുണയേകി പ്രത്യക്ഷപ്പെട്ട കുറിപ്പുകളും ചേര്‍ത്തുവായിച്ചുനോക്കുക. രണ്ടും പറയുന്നതൊന്നു തന്നെയാണ്: ”കുഞ്ഞേ, നീയാണ് കുറ്റക്കാരി..!”


Must Read: 2050ഓടെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാവുമോ? കണക്കുകള്‍ പറയുന്നതെന്ത് 


കുഞ്ഞുങ്ങളോടു തോന്നുന്ന കാമവും സ്വാഭാവികമാണെന്ന മട്ടില്‍ പ്രത്യക്ഷപ്പെട്ട ആ ‘മുതിര്‍ന്ന സ്വാതന്ത്ര്യവാദം’ കേരളത്തെയൊന്നു ഞെട്ടിച്ചുവെന്നത് നേര്. എന്നാല്‍ അങ്ങനെ ഞെട്ടിയവര്‍പോലും ശ്രദ്ധിക്കാതെപോകുന്ന മറ്റൊന്ന് ദിവസവും കേരളത്തില്‍ നാലു കുട്ടികള്‍ വീതം ഇത്തരം വിഷമഞ്ചുകളില്‍ വീഴുന്നു എന്നതാണ്.

ഇത് പൊലീസ് കേസാവുന്ന സംഭവങ്ങളുടെ മാത്രം കണക്കാണ്. 2015ല്‍ മാത്രം 1569 ബാല ലൈംഗികപീഡന പരാതികളാണ് നമ്മുടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മൂന്നിലൊന്നിലും രക്തബന്ധമുള്ളവരായിരുന്നു പ്രതിസ്ഥാനത്ത്! മഞ്ചുമായി വരുന്ന ഒരങ്കിള്‍ വീടിനുള്ളില്‍ത്തന്നെ ഉണ്ടാവാം!

അപ്പോള്‍, പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തം തുറന്നുപറഞ്ഞ ഒരാളെ കല്ലെറിയുകയോ അതിനെ ന്യായീകരിക്കുന്ന ചെറുപക്ഷവുമായി ഏറ്റുമുട്ടുകയോ അല്ല. കാരണം അവരൊക്കെ ഇവിടൊക്കെത്തന്നെ ഉണ്ടായിരുന്നവരും ഉള്ളവരുമാണ്. ഈ സോഷ്യല്‍മീഡിയ കാലത്ത് നാം അവരെ തിരിച്ചറിയുന്നു എന്നു മാത്രമേയുള്ളൂ.

ബ്രസീലില്‍ വൈദികന്റെ പീഡനം തുറന്നുകാട്ടി അഞ്ചുവയസുകാരി വരച്ച ചിത്രം

പേപിടിച്ച ഒരു നായയെ വളഞ്ഞിട്ട് ആക്രമിച്ച് ആശ്വസിക്കുമ്പോള്‍ നാം മറക്കുന്നത് നിശബ്ദമായിരിക്കുന്ന മറ്റൊരായിരം നായകളുടെ ഉള്ളില്‍ അതേ വിഷമുണ്ടാവാം എന്നതാണ്. പ്രത്യക്ഷനായ ഒരു കുറ്റവാളിയിലേക്കോ മനോരോഗിയിലേക്കോ മാത്രം നോക്കുകയല്ല, മറിച്ച് നമ്മുടെ കുഞ്ഞുങ്ങളുടെ നിസ്സഹായ ചുറ്റുപാടുകളിലേക്ക് കൂടുതല്‍ കണ്ണുതുറക്കുകയാണ് വേണ്ടത്.

മഞ്ചില്‍ മധുരം മാത്രമല്ലെന്നും, മഞ്ചില്‍ വിഷവും വേദനയും പൊള്ളലും കണ്ണീരും ഉണ്ടാവാമെന്നും കുഞ്ഞുങ്ങളോട് നാം പറയേണ്ടതുണ്ട്. ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവരെയൊന്നു ചേര്‍ത്തുപിടിച്ച് ‘സങ്കടങ്ങളെന്തെങ്കിലുമുണ്ടോ’യെന്ന് ആര്‍ദ്രമായൊന്നു ചോദിക്കണം. ഒരുപക്ഷേ, പറയാന്‍ പേടിച്ചൊരു വലിയ സങ്കടം അവനോ അവളോ നിങ്ങളോട് ആയൊരു നിമിഷത്തില്‍ അറിയാതെ പറഞ്ഞുതരും.

കുഞ്ഞിക്കണ്ണുകളിലെ വിഹ്വലതകള്‍ നമ്മെളാരിക്കലും തിരിച്ചറിയാതെ പോകരുത്. നന്നായി അവരെ മനസ്സിലാക്കിയാല്‍ മാത്രമേ, ”ആരു തരുന്ന മഞ്ചിലേക്കും കൈ നീളരുതേ കുഞ്ഞേ..” എന്ന് നമുക്ക് അവരോട് പറയാനാവൂ. നമ്മുടെ കുഞ്ഞുങ്ങളെ ദൈവം രക്ഷിക്കട്ടെ..!

വര: zazang

Advertisement