abdul-nasar madani,madaniന്യൂദല്‍ഹി: അബ്ദുല്‍നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ചു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മഅദനി സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി  നടപടി.

ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2007 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 17നാണ് മഅദനിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് മഅദനി സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് കഴിഞ്ഞശേഷമാണ് അപേക്ഷ പരിഗണിച്ചത്. അതിനാല്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.

മഅദനിക്ക് സെഷന്‍സ്‌കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസുമായി നേരത്തെ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും മഅദനി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ഇത് തള്ളി. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.

ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, ജസ്റ്റിസ് ഗ്യാന്‍സുധാ മിശ്ര, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അപേക്ഷ അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.