കൊല്ലം: ബാംഗ്ലൂര്‍ പ്രത്യേക
പോലീസ് സംഘത്തിനുമുമ്പാകെ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി .അറസ്റ്റുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നം ഉണ്ടാകില്ലെന്നും മഅദനി വ്യക്തമാക്കിയിട്ടുണ്ട്. തന്നെ സന്ദര്‍ശിക്കാനെത്തിയ മതപണ്ഡിതരുമായി നടത്തിയ കൂടിക്കാഴ്ച്ചക്കുശേഷമാണ് മഅദനി ഇക്കാര്യം പറഞ്ഞത്.

അതിനിടെ നിരോധനാഞ്ജ പുറപ്പെടുവിച്ച അന്‍വാറുശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലും നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം എസ് പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ഐ ജി ഹേമചന്ദ്രന്‍ ഇന്ന് വൈകുന്നേരത്തോടെ സ്ഥലത്തെത്തുമെന്നും സൂചനുയുണ്ട്.

നേരത്തെ മഅദനി സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. പ്രത്യേക അനുമതി ഹരജിയാണ് ഫയല്‍ ചെയ്തത്. ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പി ഡി പി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും അക്രമസംഭവങ്ങളുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.