കൊയിലാണ്ടി: കോഴിക്കോടെത്തിയ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ കാറില്‍ ബൈക്ക് ഇടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികനായ കൊല്ലം അരീക്കല്‍ നാരായണനെ(41) പോലീസ് അറസ്റ്റ് ചെയ്തു.

Ads By Google

ഇന്നലെ രാത്രി എട്ടോടെ കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് സമീപത്തെ പെട്രോള്‍ പമ്പിനടുത്താണ് നാരായണന്‍ അശ്രദ്ധമായി വാഹനമോടിച്ച് മുന്‍ രാഷ്ട്രപതിയുടെ കാറില്‍ ഇടിച്ചത്.

അപകടം നടന്ന ഉടനെ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ബാക്ക് യാത്രക്കാരനെ പിന്നീട് ഒരു അഭിഭാഷകനാണ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയത്.

ബൈക്ക് ഇടിച്ചതോടെ കാര്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ എസ്‌കോര്‍ട്ട് വന്ന പേരാവൂര്‍ സി.ഐയുടെ ജീപ്പും കാറില്‍ ഇടിച്ചു.

അബ്ദുള്‍കലാമിന്റെ കാറിന് മുന്നിലുണ്ടായിരുന്ന രണ്ട് പോലീസ് ജീപ്പുകള്‍ പോയശേഷമാണ് ബൈക്ക് യാത്രക്കാരന്‍ റോഡ് മുറിച്ച് വാഹനമോടിച്ചത്. ഈ സമയത്താണ് ജീപ്പിന് പിന്നിലായി വന്ന കാര്‍ ബൈക്കിലിടിച്ചത്.

അതീവ സുരക്ഷാ പാളിച്ചയാണ് കേരള പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായാണ് വിലയിരുത്തുന്നത്.

അപകടം നടന്ന ഉടനെ ബൈക്ക് യാത്രക്കാരന്‍ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സുരക്ഷാ പരിശോധനകള്‍ വിലയിരുത്തി.