മങ്കട:  ഒറ്റയ്ക്ക് ഭരിക്കാന്‍ അറിയാമെന്നും മുന്നിലും പിന്നിലും ആളെ നിര്‍ത്തി ഭരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പി.കെ.അബ്ദുറബ്ബ്. വിദ്യാഭ്യാസമേഖലയില്‍ ഒരു വര്‍ഷം കൊണ്ട് ആര്‍ക്കും ചെയ്ത് തീര്‍ക്കാന്‍ കഴിയാത്തത്ര കാര്യങ്ങള്‍ താന്‍ ചെയ്ത് തീര്‍ത്തിട്ടുണ്ടെന്നും അബ്ദുറബ്ബ് പറഞ്ഞു. എന്‍.എസ്.എസിന്റേയും കെ.എസ്.യുവിന്റേയും ആരോപണങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ വകുപ്പിലെ ഓരോ കാര്യവും മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും അനുമതിയോടെയാണ് നടപ്പാക്കുന്നത്. സര്‍ക്കാരിന് ഭരിക്കാന്‍ അറിയില്ലെന്നും ഏറ്റവും മോശം വകുപ്പ് വിദ്യാഭ്യാസവകുപ്പാണെന്നും എന്‍.എസ്.എസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആരോപണങ്ങളുന്നയിക്കുന്നവര്‍ എന്താണു പരാതികളെന്നു വ്യക്തമാക്കിയാല്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്.

Subscribe Us:

ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. പുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കും മുന്‍പ് എല്ലായിടത്തുമെത്തിച്ചു. അധ്യാപകരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. ഇതുവരെ ആരോപണങ്ങളോ വിവാദങ്ങളോ ഉണ്ടായിട്ടില്ല.

വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും ഒരര്‍ത്ഥം വേണം. എന്തെങ്കിലും വിളിച്ചുപറയലാവരുത് വിമര്‍ശനങ്ങള്‍. ആരുടേയും സ്ഥാപനങ്ങള്‍ തകര്‍ക്കുകയെന്നത് സര്‍ക്കാരിന്റെ അജന്‍ഡയല്ല. തെറ്റുകളുണ്ടെങ്കില്‍ തിരുത്താന്‍ ഒരു മടിയുമില്ലെന്നും മന്ത്രി പറഞ്ഞു.

നാലുവര്‍ഷം മുന്‍പ് അച്ചടിച്ച മതമില്ലാത്ത ജീവന്‍ എന്ന പുസ്തകം ഈ വര്‍ഷം വിതരണം ചെയ്യാനിടയായ നടപടികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു