Categories

അഭയ കേസ് വിചാരണ 13 ന് തുടങ്ങും

കൊച്ചി: പ്രമാദമായ അഭയ കേസില്‍ ജനുവരി 13ന് പ്രത്യേക സി.ബി.ഐ കോടതിയില്‍ വിചാരണ ആരംഭിക്കും. 13ന് പ്രതികളെ കോടതി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ പ്രതികളായ തോമസ് കോട്ടൂരും ജോസ് പിതൃക്കയിലും കോടതിയില്‍ ഹാജരായി.

ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചേര്‍ന്ന് സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കിണറ്റിലിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും പ്രതികളില്‍ നടത്തിയിരുന്നു.

ക്‌നാനായ കത്തോലിക്കാ സന്യാസസമൂഹത്തിലെ കന്യാസ്ത്രീയായ അഭയ 1992 മാര്‍ച്ച് 27നാണു കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. 19 വയസുള്ള അഭയ കോട്ടയം ബസേലിയസ് കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു ആ സമയത്ത് അഭയ. കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീടു െ്രെകംബ്രാഞ്ചും അന്വേഷിച്ചു. ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍.

എന്നാല്‍ തന്റെ മകളുടെ മരണം ദുരൂഹ സാഹചര്യത്തിലായിരുന്നെന്നും ആത്മഹത്യ ചെയ്യില്ലെന്നും അതിനാല്‍ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് തോമസ് ഐക്കരക്കുന്നേല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു ഹൈക്കോടതി കേസ് സി.ബി.ഐയെ ഏല്‍പ്പിച്ചു. അഭയയുടെ പിതാവിനൊപ്പം സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷനിലെ സന്യാസിനിമാര്‍ നല്‍കിയ ഹരജി ഇതിനു ബലം നല്‍കി. തുടര്‍ന്നു സി.ബി.ഐ കൊച്ചി യൂനിറ്റിലെ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് കേസ് അന്വേഷിച്ചു.

അന്വേഷണം അന്തിമ ഘട്ടത്തിലെത്തിയപ്പോള്‍ ചില സമ്മര്‍ദങ്ങളെത്തുടര്‍ന്ന് വര്‍ഗീസിന് രാജിവെക്കേണ്ടി വന്നു. പിന്നീടു സി.ബി.ഐയുടെതന്നെ രണ്ട് ഏജന്‍സികള്‍ അന്വേഷിച്ചു. ദല്‍ഹി യൂനിറ്റിലെ ഡി.വൈ.എസ്.പി അഗര്‍വാളിനെ സി.ഡി വിവാദത്തെത്തുടര്‍ന്നു ജസ്റ്റിസ് വി. രാംകുമാര്‍ അന്വേഷണച്ചുമതലയില്‍നിന്നു നീക്കി. കേസ് വീണ്ടും കൊച്ചി യൂനിറ്റിനെത്തന്നെ ഏല്‍പ്പിച്ചു. തുടര്‍ന്നു ഡി.വൈ.എസ്.പി നന്ദകുമാര്‍നായര്‍ അന്വേഷണം ഏറ്റെടുത്തു.

2008 നവംബര്‍ 18ന് ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാന്‍ നടന്ന എല്ലാ ശ്രമങ്ങളെയും അതിജീവിച്ചാണ് അഭയ കേസ് മുന്നോട്ട് പോയത്. സി.ബി.ഐയെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍, ഫോറന്‍സിക് റിപ്പോര്‍ട്ട് തിരുത്തല്‍, അഭയയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് തിരുത്തല്‍ തുടങ്ങി നിരവധി ഘട്ടങ്ങള്‍ കടന്നാണ് കേസ് ഇപ്പോള്‍ വിചാരണക്കെത്തിയിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.