Administrator
Administrator
ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമര്‍പ്പണം
Administrator
Wednesday 7th March 2012 11:13am

തിരുവനന്തപുരം: കുംഭമാസത്തിലെ പൂരനാളിലെ പൊങ്കാല സമര്‍പ്പണത്തിനായി ഭക്തര്‍ ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 10.15നാണ് അടുപ്പുവെട്ട്. ശ്രീകോവിലിനുള്ളില്‍ നിന്നു പകരുന്ന ദീപം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിയില്‍ സജ്ജീകരിച്ച അടുപ്പിലേക്ക് പകരും. തുടര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി അവിടെ നിന്നു ചുറ്റമ്പലത്തിലുള്ള ചെറിയ തിടപ്പള്ളിയിലെ അടുപ്പിലേക്ക് അഗ്‌നി പകരും. അവിടെ നിന്നാണ് പണ്ടാര അടുപ്പിലേക്കു പകരാനുള്ള അഗ്‌നി കീഴ്ശാന്തിക്ക് കൈമാറുന്നത്. പണ്ടാര അടുപ്പില്‍ അഗ്‌നി പകരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും.

കതിനകളും ചെണ്ടമേളവും കുരവയും ആകാശത്തിലുയരുമ്പോള്‍ നിരന്നിരിക്കുന്ന പതിനായിരക്കണക്കിന് അടുപ്പുകളില്‍ തീനാളങ്ങളുയരും. ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്.

പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും. വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു.

ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങീ പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കാം. പൊങ്കാല അസ്ഥിരമായ ശരീരത്തിന്റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം.

കത്തുന്ന കുംഭസൂര്യന്റെ ചൂടിനെ വകവയ്ക്കാതെ ക്ഷേത്രമുറ്റവും പരിസരത്തെ വീഥികളുമെല്ലാം ഇന്നലെ രാവിലെ തന്നെ പൊങ്കാല അടുപ്പുകളാല്‍ നിറഞ്ഞിരുന്നു. 35 ലക്ഷം സ്ത്രീകള്‍ ഈ വര്‍ഷം പൊങ്കാലയര്‍പ്പിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ചാക്ക ബൈപാസ്, കൊഞ്ചിറവിള, മണക്കാട്, കമലേശ്വരം, തിരുവല്ലം, സ്റ്റാച്യു, അട്ടക്കുളങ്ങര, കിള്ളിപ്പാലം എന്നിവിടങ്ങളിലെല്ലാം ഇന്നലെ ഉച്ചയോടെ തന്നെ പൊങ്കാലയടുപ്പുകള്‍ നിരന്നു. ദേവീദര്‍ശനത്തിന് എത്തിയവര്‍ കൂടിയായതോടെ നഗരം തിരക്കില്‍ അമര്‍ന്നു.

ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രത്തിനുള്ളിലെ അടുപ്പുകളില്‍ തീര്‍ഥം തളിക്കുന്നതോടെ പൊങ്കാല നിവേദിച്ചു തുടങ്ങും. ഇതിനായി 250 ശാന്തിമാരെ നിയോഗിച്ചിട്ടുണ്ട്. നഗരാതിര്‍ത്തികളില്‍ നിന്നാണ് നിവേദിച്ചു തുടങ്ങുന്നത്. രാത്രി ഒന്‍പതു മണിയോടെ കുത്തിയോട്ട ബാലന്‍മാര്‍ക്ക് ചൂരല്‍കുത്തുന്ന ചടങ്ങുകള്‍ ആരംഭിക്കും. 895 ബാലന്‍മാരാണ് ഇക്കുറി കുത്തിയോട്ട വ്രതമെടുക്കുന്നത്.

ചൂരല്‍ കുത്തിനുശേഷം കുത്തിയോട്ട ബാലന്‍മാരുടെ അകമ്പടിയോടെ ദേവി പുറത്തെഴുന്നള്ളും. താലപ്പൊലിയേന്തിയ ബാലികമാരും മുത്തുക്കുടയും നിശ്ചല ദൃശ്യങ്ങളുമുള്ള ഘോഷയാത്രയും കരിമരുന്നു പ്രയോഗവും ഒപ്പമുണ്ടാകും. അടുത്ത ദിവസം എഴുന്നള്ളത്ത് തിരിച്ചെത്തുന്നതോടെ ഈ വര്‍ഷത്തെ ഉത്സവത്തിനു സമാപനം.

പൊങ്കാല പ്രമാണിച്ച് ജില്ലാ ഭരണകൂടം ഇന്നു തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭ, വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉത്സവ മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളിലുള്‍പ്പെടെ പൊങ്കാലയിടാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Advertisement