കൊച്ചി: മഹാരാജാസ് കോളജ് വിഷയവുമായി ബന്ധപ്പെട്ട് സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫ് മുന്നോട്ടുവെച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആഷിഖ് അബു. മഹാരാജാസിലെ ഗുണ്ടാവിളയാട്ടത്തെ ആയുധമെടുത്ത് ചെറുക്കേണ്ടി വന്നത് എസ്.എഫ്.ഐയിലെ ഒരു വിഭാഗത്തെ മസില്‍ പവറില്‍ വിശ്വസാമുള്ളവരാക്കി എന്നാണ് ആഷിക് അബുവിന്റെ വിശദീകരണം.

’95 ഇല്‍ ഞാന്‍ പ്രീഡിഗ്രിക്ക് വരുമ്പോഴുള്ള മഹാരാജാസില്‍ കൈയൂക്കിന്റെ രാഷ്ട്രീയമുണ്ടായിരുന്നു എന്നത് സത്യമാണ്. ഒരു കാലത്തു ക്രിമിനല്‍ സങ്കേതമായിരുന്നു മഹാരാജാസ്. കാന്റീനിലേക്ക് പോകുന്ന പെണ്‍കുട്ടികളെ കാമ്പസിനകത്തു നിര്‍ത്തിയിട്ട ജീപ്പിലിരുന്ന് പുറത്തുനിന്ന് വരുന്ന ഗുണ്ടകള്‍ ഉപദ്രവിക്കുന്ന കാലം. അവര്‍ക്ക് രാഷ്ട്രീയ തണലും.

അവര്‍ക്കെതിരെ ആയുധമെടുത്ത സഖാവ് കൃഷ്ണന്‍കുട്ടിയെ പോലുള്ളവരുടെ കഥകള്‍ ഒരു വിഭാഗം എസ്.എഫ്.ഐ അനുഭാവികളെ മസില്‍ പവറില്‍ വിശ്വസിക്കുന്നവരാക്കി എന്നതും സത്യമാണ്. അക്രമായിരുന്നു പ്രതിരോധം അക്കാലത്തും.’ ആഷിഖ് അബു പറയുന്നു.

അത്തരം പ്രതിരോധങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ പകപോക്കലുകളും വ്യക്തിപരമായ പകപോക്കലുകളും നടന്നിട്ടുണ്ടാവാമെന്നു പറഞ്ഞ ആഷിഖ് താനടക്കമുള്ള പല നേതാക്കളുടെയും നിലപാടുകള്‍ അക്കാലത്ത് അത്ര പക്വമായിരുന്നില്ല എന്നു സമ്മതിക്കുകയും ചെയ്തു.

അതേസമയം, മഹാരാജാസ് കോളജിലെ എസ്.എഫ്.ഐയുടെ മര്‍ദ്ദനത്തിന് ഇരയായിട്ടുള്ള ആളാണ് താനെന്ന പ്രതാപ് ജോസഫിന്റെ ആരോപണം ശരിയായിരിക്കാമെന്ന് പറയുമ്പോഴും പ്രതാപ് എസ്.എഫ്.ഐയ്‌ക്കെതിരെ ഉയര്‍ത്തിയ മറ്റു ആരോപണങ്ങളായ സ്ത്രീവിരുദ്ധത, വയലന്‍സ് അധികാരവാഞ്ച എന്നിവയോടുള്ള വിയോജിപ്പ് ആഷിഖ് അബു പ്രകടിപ്പിക്കുന്നുണ്ട്. താങ്കള്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആഷിഖ് അബു മറുപടി ആരംഭിക്കുന്നതു തന്നെ.

‘ഞങ്ങളെല്ലാവരും തന്നെ ഞങ്ങളുടെ മഹാരാജാസിന് പുറത്തുള്ള ജീവിതത്തില്‍ നിനുള്ള ജീവിതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ തിരിച്ചറിഞ്ഞവരാണ്. പല പ്രവൃത്തികളും പക്വതയുള്ളതായിരുന്നില്ല. സമ്മതിക്കുന്നു. ഇതല്ലാതെ പ്രതാപ് ആരോപിക്കുന്ന മറ്റു കാര്യങ്ങളോട് വിയോജിക്കുന്നു. ‘ ആഷിഖ് അബു വിശദീകരിക്കുന്നു.

ആഷിക് അബുവിന്റെ സിനിമയ്‌ക്കെതിരെ പ്രതാപ് ഉയര്‍ത്തിയ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്.
‘എന്റെ സിനിമകളില്‍ കാണുന്നത് തന്നെയാണ് ഞാന്‍. അതില്‍ എന്തെങ്കിലും ഉണ്ടെന്നുപൂര്‍ണ്ണ വിശ്വാസമുള്ളവര്‍ മാത്രം എന്നെ സീരിയസ് ആയി കണ്ടാല്‍ മതി. അല്ലാത്തവര്‍ക്ക് തള്ളിക്കളയാം’ എന്നാണ് അദ്ദേഹം പറയുന്നത്.

പ്രതാപിനെ നേരിട്ടറിയുമോ എന്നറിയാന്‍ ഫോട്ടോ തപ്പിനോക്കിയെന്നും എന്നാല്‍ സാധിച്ചില്ലെന്നും പറഞ്ഞാണ് ആഷിഖ് അബ തന്റെ മറുപടി പോസ്റ്റ് ആരംഭിക്കുന്നത്.

ആഷിഖ് അബുവിന്റെ മറുപടി:

പ്രതാപിനെ നേരിട്ടറിയുമോ എന്നറിയാന്‍ ഫോട്ടോ തപ്പിനോക്കി, പറ്റിയില്ല. മഹാരാജാസില്‍ ഏഴ് വര്‍ഷം പഠിച്ചയാള്‍ എന്ന നിലയില്‍ താങ്കള്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു.

95 ഇല്‍ ഞാന്‍ പ്രീഡിഗ്രിക്ക് വരുമ്പോഴുള്ള മഹാരാജാസില്‍ കൈയൂക്കിന്റെ രാഷ്ട്രീയമുണ്ടായിരുന്നു എന്നത് സത്യമാണ്. ഒരു കാലത്തു ക്രിമിനല്‍ സങ്കേതമായിരുന്നു മഹാരാജാസ്. കാന്റീനിലേക്ക് പോകുന്ന പെണ്‍കുട്ടികളെ കാമ്പസിനകത്തു നിര്‍ത്തിയിട്ട ജീപ്പിലിരുന്ന് പുറത്തുനിന്ന് വരുന്ന ഗുണ്ടകള്‍ ഉപദ്രവിക്കുന്ന കാലം. അവര്‍ക്ക് രാഷ്ട്രീയ തണലും.

അവര്‍ക്കെതിരെ ആയുധമെടുത്ത സഖാവ് കൃഷ്ണന്‍കുട്ടിയെ പോലുള്ളവരുടെ കഥകള്‍ ഒരു വിഭാഗം എസ്.എഫ്.ഐ അനുഭാവികളെ മസില്‍ പവറില്‍ വിശ്വസിക്കുന്നവരാക്കി എന്നതും സത്യമാണ്. അക്രമായിരുന്നു പ്രതിരോധം അക്കാലത്തും.

അതിനിടയില്‍ രാഷ്ട്രീയ പകപോക്കലുകള്‍ നടന്നിട്ടുണ്ട്, വ്യക്തിപരമായ പകപോക്കലുകള്‍ നടന്നിട്ടുണ്ടാവാം. അത്ര പക്വമായിരുന്നില്ല ഞാനടക്കമുള്ള നേതാക്കളില്‍ മിക്കവരുടെയും നിലപാടുകള്‍. അതും ശരി തന്നെ.

ഞങ്ങളെല്ലാവരും തന്നെ ഞങ്ങളുടെ മഹാരാജാസിന് പുറത്തുള്ള ജീവിതത്തില്‍ നിനുള്ള ജീവിതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ തിരിച്ചറിഞ്ഞവരാണ്. പല പ്രവര്‍ത്തികളും പക്വതയുള്ളതായിരുന്നില്ല. സമ്മതിക്കുന്നു. ഇതല്ലാതെ പ്രതാപ് ആരോപിക്കുന്ന മറ്റു കാര്യങ്ങളോട് വിയോജിക്കുന്നു. എന്റെ സിനിമകളില്‍ കാണുന്നത് തന്നെയാണ് ഞാന്‍. അതില്‍ എന്തെങ്കിലും ഉണ്ടെന്നുപൂര്‍ണ്ണ വിശ്വാസമുള്ളവര്‍ മാത്രം എന്നെ സീരിയസ് ആയി കണ്ടാല്‍ മതി. അല്ലാത്തവര്‍ക്ക് തള്ളിക്കളയാം !