Categories

ലോ അക്കാദമി സമരം വെറുമൊരു ക്യാംപസ് സമരമല്ല; പുതിയ തലമുറ കേരളത്തിന് സമര്‍പ്പിക്കുന്ന കുറ്റപത്രം: ആഷിഖ് അബു

aashiqabu668

തിരുവനന്തപുരം: ലോ അക്കാദമി സമരം വെറുമൊരു ക്യാംപസ് സമരമല്ലെന്നും പുതിയ തലമുറ കേരളത്തിന് സമര്‍പ്പിക്കുന്ന കുറ്റപത്രമാണെന്നും സംവിധായകനും നിര്‍മാതാവുമായി ആഷിഖ് അബു.

അതെത്രനാള്‍ കണ്ടില്ലെന്നുനടിക്കുമെന്നും ആഷിഖ് അബു ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നിലപാട് വ്യക്തമാക്കി ആഷിഖ് അബു രംഗത്തെത്തിയത്.


Dont Miss പട്ടികജാതി കമ്മീഷന്റെ ഇടപെടല്‍; ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ എട്ട് ദിവസത്തിന് ശേഷം ലക്ഷ്മി നായര്‍ക്കെതിരെ കേസ്


ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി സമരം മാത്രമാണെന്നും അത് രാഷ്്ട്രീയ സമരമാക്കരുതെന്നും കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ വിരുദ്ധസമരമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഭൂമി പ്രശ്‌നങ്ങളൊന്നും ഇതിലേക്ക് വലിച്ചിഴക്കരുതെന്നും രാഷ്ട്രീയ സമരമാക്കി മുതലെടുക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞിരുന്നു. സമരം തുടങ്ങി 18 ാം ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രസ്താവന.

ഇതിന് മുന്‍പും സമരം കോളേജ് കാമ്പസിനകത്തെ വിഷയം മാത്രമാണെന്ന് കോടിയേരി പ്രതികരിച്ചിരുന്നു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയണമെന്നത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അത് വിദ്യാര്‍ത്ഥി സംഘടനയുടെ മാത്രം ആവശ്യമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സി.പി.ഐ.എം നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി സി.പി.ഐ.എം നേതൃത്വം ചര്‍ച്ച നടത്തിയതിനു പിന്നാലെ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കില്ലെന്നു ലക്ഷ്മി നായര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.

ലക്ഷ്മി നായര്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. സമരം ശക്തമാക്കുമെന്ന് കെഎസ്യു, എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകളും അറിയിച്ചിട്ടുണ്ട്.

നേരത്തേ അക്കാദമിയില്‍ തെളിവെടുപ്പ് നടത്തിയ സിന്‍ഡിക്കറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മി നായരെ അഞ്ചുവര്‍ഷക്കാലത്തേക്കു പരീക്ഷാ ചുമതലകളില്‍ നിന്നു വിലക്കാനും സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു.

 

 

Tagged with: |