തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്. നിയമസഭാ കോംപ്ലക്‌സില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്ലുവാതുക്കള്‍ മദ്യദുരന്തം അന്വേഷിച്ച ജഡ്ജി മോഹന്‍കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് സി.പി.ഐ.എം മുന്‍ കണ്ണൂര്‍ജില്ലാ സെക്രട്ടറി പി.ശശി ആരോപിച്ചിരുന്നു. ഇത് സെക്ഷന്‍ 120-ബി അനുസരിച്ചുള്ള ഗുരുതരമായ കുറ്റമാണ്. 31 പേര്‍ മരിച്ച കേസാണിത്. മണിച്ചന് വേണ്ടി കമ്മീഷനെ സ്വാധീനിക്കാന്‍ അച്യുതാനന്ദന്‍ ശ്രമിച്ചു എന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിതന്നെയാണ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൊളിറ്റിക്കല്‍ സെക്രട്ടറി സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റവും വിഎസ് ചെയ്തിട്ടുണ്ടെന്ന് ആര്യാടന്‍ ചൂണ്ടിക്കാട്ടി.