എഡിറ്റര്‍
എഡിറ്റര്‍
വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ആര്യാടന്‍
എഡിറ്റര്‍
Tuesday 19th February 2013 10:31am

തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

Ads By Google

സ്വകാര്യവല്‍ക്കരണം ഇല്ലാതെ കേന്ദ്രത്തിന്റെ സാമ്പത്തിക പുന:സംഘടനാ പദ്ധതി നടപ്പിലാക്കുമെന്നും ആര്യാടന്‍ പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു.

കാര്യക്ഷമത കൂട്ടാനാണ് കേന്ദ്രനിര്‍ദേശം.കെഎസ്ഇബി ഇപ്പോള്‍ 200 കോടി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പുനസ:ഘടനാ പദ്ധതിയില്‍ സംസ്ഥാനം പങ്കാളിയാകേണ്ടതുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

എ.കെ ബാലന്‍ എം.എല്‍.എയാണ് പ്രമേയത്തിന് അവതരണാനുമതി തേടിയത്. സ്വകാര്യവത്കരണം മൂടിവെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് എ.കെ ബാലന്‍ പറഞ്ഞു.

അതിനിടെ വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ യോജിച്ച് പോരാടാമെന്നും അദേഹം പറഞ്ഞു.

അതേസമയം സഭാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഫെബ്രുവരി ഒന്നിനാണ് സമ്മേളനം ആരംഭിച്ചത്. ഫെബ്രുവരി 21ന് അവസാനിപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ദേശീയ പണിമുടക്ക് കണക്കിലെടുത്ത് ഇന്ന് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

 

Advertisement