കാസര്‍ഗോഡ്: ചീമേനി താപവൈദ്യുതനിലയത്തില്‍ കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കില്ലെന്ന് വൈദ്യുതിവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ചീമേനി പദ്ധതിക്ക് അനുവദിച്ച കല്‍ക്കരി രാമഗുണ്ടത്തെ എന്‍.ടി.പി.സി നിലയത്തില്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചീമേനിയില്‍ മറ്റ് ഇന്ധനങ്ങള്‍ ഉപയോഗിച്ച് വൈദ്യുതനിലയം ആരംഭിക്കാന്‍ ശ്രമിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ചീമേനിയിലെ നിര്‍ദ്ദിഷ്ട താപവൈദ്യുത നിലയത്തില്‍ കല്‍ക്കരി ഇന്ധനമാക്കുമെന്ന കേന്ദ്ര ഊര്‍ജ്ജമന്ത്രി കെ.സി വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം രംഗത്തെത്തിയിരുന്നു. കല്‍ക്കരി ഇന്ധനമാക്കിയാല്‍ അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും വേണുഗോപാലിന്റെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.

13,00 മേഗാവാട്ട് ശേഷിയുള്ള കല്‍ക്കരി നിലയം ചീമേനിയില്‍ സ്ഥാപിക്കാനായിരുന്നു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. ഇന്ധനമായി കൊച്ചി വാതക പൈപ്പ് ലൈനില്‍ നിന്നുള്ള പ്രകൃതിവാതകം ഉപയോഗിക്കാനായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം.