കോഴിക്കോട്: പാമോലിന്‍ കേസന്വേഷണത്തില്‍ നിന്ന് പിന്മാറിയ വിജിലന്‍സ് കോടതി ജഡ്ജി പി.പി. ഹനീഫക്കെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ വെദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്ത്.

കേസില്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ ആരോപണമുന്നയിക്കാന്‍ പി.സി.ജോര്‍ജ്ജിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കോഴിക്കോട്ട് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. വിജിലന്‍സ് ജഡ്ജിക്കെതിരെ സംശയമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞത് തങ്ങള്‍ക്ക് ബാധകമല്ലെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേസന്വേഷണത്തില്‍ നിന്ന് പിന്മാറിയ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ വീണ്ടും ആരോപണവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. കേസില്‍ നിന്ന് വിജിലന്‍സ് ജഡ്ജി പിന്മാറിയത് സമ്മര്‍ദ്ദം കൊണ്ടല്ല മറിച്ച് കുറ്റബോധം കൊണ്ടാണെന്നും ജഡ്ജി പിന്മാറിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പി.സി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിക്കരിക്കുകയായിരുന്നു മന്ത്രി.