Categories

ആരുഷി-ഹേംരാജ് കൊലക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

arushi

ന്യൂദല്‍ഹി:  ആരുഷി  ഹേംരാജ്  കൊലപാതകക്കേസില്‍ പ്രതികളായ രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനും ജീവപര്യന്തം ശിക്ഷ.

ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

കൊല്ലപ്പെട്ട ആരുഷിയുടെ മാതാപിതാക്കളാണ് പ്രതികളായ രാജേഷ്-നൂപുര്‍ തല്‍വാര്‍ ദമ്പതികള്‍.

പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് രാജേഷ് തല്‍വാറിന് ഒരു വര്‍ഷത്തെ അധിക ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

കേസിന്റെ ഗൗരവം മാനിച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സി.ബി.ഐ കോടതിയില്‍ വാദിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും സി.ബി.ഐ അഭിപ്രായപ്പെട്ടു.

എന്നാല്‍ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം വിധിക്കുകയായിരുന്നു.

അതേ സമയം വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഇരുവരുടേയും അഭിഭാഷകര്‍ അറിയിച്ചു.

വിധിയെ തുടര്‍ന്ന് കോടതിക്ക് പുറത്ത് അഭിഭാഷകര്‍ ചേരി തിരിഞ്ഞ് വാക്ക് തര്‍ക്കമുണ്ടാവുകയും ഏറെ നേരം സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയും ചെയ്തു.

ആരുഷിയുടെ മാതാപിതാക്കളായ  ഡോ. രാജേഷ് തല്‍വാറും ഡോ. നൂപുര്‍ തല്‍വാറും കുറ്റക്കാരാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കൃത്യങ്ങള്‍ ഇവര്‍ ചെയ്തതായി കോടതി കണ്ടെത്തി.

എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് തങ്ങളെ ശിക്ഷിക്കുന്നതെന്നും പരാജയം സമ്മതിക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഇവര്‍ പിന്നീട് പറഞ്ഞു.

2008 ലാണ് ആരുഷിയേയും വീട്ടിലെ ജോലിക്കാരന്‍ ഹേംരാജിനെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2008 മെയ് 15ന് ആരുഷിയുടേയും 16ന് ഹേം രാജിന്റേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐ.യും കേസ് അന്വേഷിച്ചു. പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയ പോലീസ് പിന്നീട് ഹേംരാജ് ആരുഷിയെ കൊന്ന ശേഷം കടന്നുകളഞ്ഞു എന്ന നിഗമനത്തിലെത്തുകയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം വീട്ടു ജോലിക്കാരന്റെ മൃതദേഹം കണ്ടെത്തിയതിനുശേഷം പെണ്‍കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

താല്‍വാര്‍ ദമ്പതികള്‍ ആരുഷിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.