ന്യൂദല്‍ഹി: ആരുഷി തല്‍വാര്‍ കൊലക്കേസിലെ മുഖ്യസാക്ഷികളിലൊരാളെ കാറിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ ജഗ്ബീര്‍ സിങ് മാലിക്കിന്റെ മൃതശരീരമാണ് ഗാസിയാബാദില്‍ നിന്ന് കണ്ടെത്തിയത്.

ഗാസിയാബാദിലെ മസൂരി മേഖലയിലെ പൊലീസ് ക്യാമ്പിലേക്ക്  ട്രക്ക് ഇടിച്ച് കയറിയായിരുന്നു അപകടം. ജഗ്ബീര്‍ മാലിക് ഉള്‍പ്പെടെ മൂന്നു പേരാണു മരിച്ചത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അതേസമയം, ഇതൊരു സാധാരണ അപകടം ആണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

Ads By Google

ആരുഷി തല്‍വാറും വീട്ടു ജോലിക്കാന്‍ ഹേമരാജും കൊല്ലപ്പെട്ട കേസിലെ മുഖ്യ സാക്ഷിയായിരുന്നു ഇയാള്‍. ആരുഷിയുടെയും വീട്ടുവേലക്കാരനായ ഹേംരാജിന്റെയും കൊലപാതകം നടന്ന ദിവസം ആരുഷിയുടെ വീട് സന്ദര്‍ശിച്ച പോലീസ് സംഘത്തില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നു.

കേസ് സി.ബി.ഐയ്ക്ക് കൈമാറുന്നത് വരെ പതിനൊന്ന് ദിവസം കേസ് അന്വേഷിച്ചത് ഇയാളുള്‍പ്പെട്ട സംഘമാണ്. ഇവരെ സി.ബി.ഐ കേസിലെ പ്രധാന സാക്ഷികളാക്കിയിരുന്നു.

ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും പ്രത്യേക സി.ബി.ഐ. കോടതിയില്‍ വിചാരണ നേരിടുകയാണ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയടക്കമുള്ള കുറ്റാരോപണങ്ങളാണ് ഇരുവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2008 മെയ് 16നാണ് പതിനാലുകാരിയായ ആരുഷി ദല്‍ഹിക്കടുത്ത നോയ്ഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീട്ടുവേലക്കാരനായ ഹേംരാജിന്റെ മൃതദേഹം പിറ്റേന്ന് വീടിന്റെ ടെറസ്സില്‍നിന്നും കണ്ടെടുത്തു.