എഡിറ്റര്‍
എഡിറ്റര്‍
ജാമ്യം നിഷേധിച്ചു: ആരുഷിയുടെ മാതാവ് ജയിലില്‍ നിരാഹാരം തുടങ്ങി
എഡിറ്റര്‍
Wednesday 2nd May 2012 9:16am

ന്യൂദല്‍ഹി: മകള്‍ ആരുഷിയുടെയും ജോലിക്കാരന്‍ ഹേംരാജിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ നൂപുര്‍ തല്‍വാര്‍ ജയിലില്‍ നിരാഹാരം തുടങ്ങി.

ഇടക്കാല ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ദസന ജയിലിലാക്കിയ നൂപുര്‍ ഇന്നലെ രാത്രിയാണ് നിരാഹാരം തുടങ്ങിയത്. നൂപുരിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നുണ്ട്.  കോടതി വിധി വരുന്നതുവരെ ജാമ്യാപേക്ഷ തുടരുമെന്ന് നൂപുര്‍ പോലീസുകാരോട് പറഞ്ഞതായാണ് വിവരം.

സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് നൂപുര്‍ ഗാസിയാബാദ് പ്രത്യേക സി.ബി.ഐ. കോടതിയില്‍ കീഴടങ്ങിയത്. ഉടന്‍തന്നെ അവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ടുവരെ അവര്‍ക്ക് കോടതിയില്‍ കഴിയേണ്ടി വന്നു.

അതിനിടെ അവരുടെ അഭിഭാഷകന്‍ സ്ഥിരം ജാമ്യത്തിനായി പ്രത്യേക ജഡ്ജി പ്രീതി സിങ്ങിന്റെ കോടതിയെ സമീപിച്ചു. എന്നാല്‍, അനുകൂല തീരുമാനം ഉണ്ടാകാഞ്ഞതിനെത്തുടര്‍ന്ന് ഇടക്കാല ജാമ്യത്തിനായി ശ്രമിച്ചു. ജഡ്ജി ഭരത് ഭൂഷണ്‍ തീരുമാനം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്യാംലാലിന്റെ പരിഗണനയ്ക്ക് ശുപാര്‍ശ ചെയ്തു. ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിച്ച ജഡ്ജി നൂപുറിന് ജാമ്യം നിഷേധിച്ചു. സ്ത്രീയെന്ന പരിഗണനമൂലം ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വിശദീകരിച്ചു. ജാമ്യാപേക്ഷ തള്ളിയപ്പോള്‍ നൂപുര്‍ പൊട്ടിക്കരഞ്ഞു.

ഇതേ കേസില്‍ നൂപുറിന്റെ ഭര്‍ത്താവ് രാജേഷ് തല്‍വാറിനെ മുന്‍പ് പാര്‍പ്പിച്ച ദസ്‌ന ജയില്‍ സമുച്ചയത്തിലെ 13ാം നമ്പര്‍ സെല്ലിലാണ് നൂപുര്‍ ഇപ്പോള്‍ കഴിയുന്നത്. നൂപുറിന്റെ ഭര്‍ത്താവ് രാജേഷ് തല്‍വാറിന് നേരത്തെ മെയ് 7ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

2008 മെയ് 16ന് രാത്രിയാണ് ആരുഷി തല്‍വാറിനെയും വീട്ടുവേലക്കാരനെയും നോയിഡയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ നൂപുറിനേയും ഭര്‍ത്താവ് രാജേഷ് തല്‍വാറിനേയും സി.ബി.ഐ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു.

ഗാസിയാബാദ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതോടെ നൂപുര്‍ ഒളിവില്‍ പോയി. അറസ്റ്റ് വാറണ്ട് മരവിപ്പിക്കാനുള്ള ഹരജി ഏപ്രില്‍ 27ന് സുപ്രീംകോടതി തള്ളിയതോടെ നൂപുര്‍ വിചാരണ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

Malayalam News

Kerala News in English

Advertisement