Categories

ആരുഷി ഹേംരാജ് കൊലപാതകം: മാതാപിതാക്കള്‍ കുറ്റക്കാര്‍

arushi

ഗാസിയാബാദ്: ആരുഷി ഹേംരാജ് വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ കോടതി. ഇവരുടെ ശിക്ഷ ചൊവ്വാഴ്ച്ച വിധിക്കും.

ആരുഷിയുടെ മാതാപിതാക്കളായ  ഡോ. രാജേഷ് തല്‍വാറും ഡോ. നൂപുര്‍ തല്‍വാറുമാണ് കുറ്റക്കാര്‍. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു.

കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കൃത്യങ്ങള്‍ ഇവര്‍ ചെയ്തതായി കോടതി കണ്ടെത്തി. കോടതിയില്‍ ഉണ്ടായിരുന്ന ആരുഷിയുടെ മാതാപിതാക്കള്‍ വിധികേട്ട് പൊട്ടിക്കരഞ്ഞു.

തങ്ങള്‍ നിരപരാധികളാണെന്നും ചെയ്യാത്ത കുറ്റ്ത്തിനാണ് തങ്ങളെ ശിക്ഷിക്കുന്നതെന്നും ഇവര്‍ പിന്നീട് പറഞ്ഞു. പരാജയം സമ്മതിക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും നുപൂര്‍ ദമ്പതികള്‍ പറഞ്ഞു.

2008 ലാണ് ആരുഷിയേയും വീട്ടിലെ ജോലിക്കാരന്‍ ഹേംരാജിനെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2008 മെയ് 15ന് ആരുഷിയുടേയും 16ന് ഹേം രാജിന്റേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐ.യും കേസ് അന്വേഷിച്ചു. പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയ പോലീസ് പിന്നീട് ഹേംരാജ് ആരുഷിയെ കൊന്ന ശേഷം കടന്നുകളഞ്ഞു എന്ന നിഗമനത്തിലെത്തുകയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം വീട്ടു ജോലിക്കാരന്റെ മൃതദേഹം കണ്ടെത്തിയതിനുശേഷം പെണ്‍കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

താല്‍വാര്‍ ദമ്പതികള്‍ ആരുഷിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

കൊലപാതകസ്ഥലത്തു നിന്നും വീട്ടുവേലക്കാരനായ ഹേംരാജിനെ ടെറസില്‍ കൊണ്ടു പോവുന്ന വഴിയില്‍ ഗോവണിപ്പടിയില്‍ കണ്ടെത്തിയ രക്തക്കറയും വീട്ടില്‍ നിന്നു ലഭിച്ച വിസ്‌കിക്കുപ്പിയില്‍ നിന്നു കണ്ടെത്തിയ ഫിംഗര്‍ പ്രിന്റും താല്‍വാര്‍ ദമ്പതികളുടെ പങ്ക് വെളിവാക്കുന്നതായിരുന്നു.

15 മാസത്തെ വിചാരണയ്‌ക്കൊടുവിലാണ് പ്രസ്തുത കേസില്‍ പ്രത്യേക ജഡ്ജി എസ്.ലാല്‍ വിധി പറയുന്നത്.