കേരളത്തിലെ നെല്‍വയലുകള്‍ നികത്തി വ്യവസായങ്ങള്‍ കൊണ്ടുവരാമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിനെതിരെ ശക്തമായ പൊതുവികാരം ഉയര്‍ന്നുവന്നിരുന്നു. ഇത് സംബന്ധിച്ച് നെല്‍വയലുകള്‍ നികത്തരുതേ എന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകയായ സുഗതകുമാരി മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നെല്‍വയലുകള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

Ads By Google

നെല്‍വയല്‍ നികത്തി നിര്‍മിക്കുന്ന ആറന്മുള വിമാനത്താവളം പോലുള്ള പദ്ധതികള്‍ അംഗീകരിക്കരുത് എന്നായിരുന്നു പൊതു ആവശ്യം. ഇതിന് മറുപടിയായി മുഖ്യമന്ത്രി ഇന്നലെ ഒരു തുറന്ന കത്ത് മാധ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. വ്യവസായങ്ങള്‍ക്കായി വയല്‍നികത്താമെന്ന സര്‍ക്കാര്‍ നിലപാട് ഏറെക്കുറെ ഉറപ്പിക്കുന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. നാട്ടുകാര്‍ക്ക് വേണമെങ്കില്‍ ആറന്മുളയില്‍ വയല്‍നികത്തിയും വിമാനത്താവളമാകാമെന്നും കഴിഞ്ഞ സര്‍ക്കാരാണ്  ഈ പദ്ധതിയുടെ ഉത്തരവാദികളെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു. സാധാരണക്കാരന്റെ മുഖമാണ് ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ തന്റെ മനസിലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിക്കുന്നത്. ഈ കത്തിനുള്ള മറുപടിക്കത്തായി ഒരു ആറന്മുള നിവാസിയുടെ പ്രതികരണം ഞങ്ങള്‍ ഇവിടെ കൊടുക്കുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,

മനസാക്ഷിയെ വഞ്ചിച്ചു ശീലമില്ലാത്തതുകൊണ്ട് ആദ്യം തന്നെ ഒരു സത്യം പറയട്ടെ. ബഹുമാനപ്പെട്ട എന്നു പറഞ്ഞത് ബഹുമാനം ഉണ്ടായിട്ടല്ല. പ്രോട്ടോകോള്‍ അനുസരിച്ച് ഒരു ഉപചാരമായി പറഞ്ഞു എന്നേയുള്ളു.

സുഗതകുമാരിയുടെ കത്തിന് അങ്ങയച്ച് 02. 08. 2012 ലെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച മറുപടി കണ്ടു. നിസ്സഹായ(രായ കോടീശ്വരന്മാ)രുടെ മുഖം ഉള്ളില്‍ കണ്ടുകൊണ്ട് തരളഹൃദയനായി അങ്ങ് എഴുതിയതു വായിച്ചപ്പോള്‍ അങ്ങയുടെ നിസ്സഹായതയോര്‍ത്ത് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞുപോയി.

നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സുഗതകുമാരി ഒരു കത്തയച്ചു എന്നറിഞ്ഞപ്പോള്‍ കുട്ടികളെക്കൊണ്ട് കത്തയപ്പിക്കരുതെന്ന് സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് എല്ലാ സ്‌കൂളുകളിലേയും പ്രധാനാധ്യാപകരെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ കുടിലതന്ത്രം വക വയ്ക്കാതെ പ്രതികരിച്ചവരാണ് അങ്ങ് പറയുന്ന ഈ 29 സ്‌കൂളുകളിലെ 1165 കുട്ടികള്‍. പതിനായിരക്കണക്കിന്  കുട്ടികള്‍ എഴുതിക്കൊടുത്ത കത്തുകള്‍ മറ്റു സ്‌കൂളുകളില്‍ കെട്ടിക്കിടപ്പുണ്ട് എന്ന സത്യവും കൂടി അങ്ങ് ദയവായി മനസ്സിലാക്കുക.

ഈ രാജ്യത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രാഥമിക സൗകര്യങ്ങളില്ല. പൊതുനിരത്തുകളില്‍ ബസ്സ് കാത്തു നില്‍ക്കുന്നവര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ നില്‍ക്കാന്‍ വെയ്റ്റിംഗ്‌ഷെഡ്ഡില്ല. സ്ത്രീകള്‍ക്ക് മൂത്രപ്പുരകളില്ല. കുടിവെള്ളമില്ല. ഒരിടത്തും ഒരു സര്‍ക്കാര്‍ ഓഫീസുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുപോലും ആവശ്യമായതിന്റെ പകുതിയോളം ഉദ്യോഗസ്ഥരേ ഉള്ളു.

ആവശ്യാനുസരണം ആളില്ലാത്തതിനാല്‍ ഒരു ഓഫീസിലും നിന്ന് കഴുതയായ ജനത്തിന് ഒരു കാര്യവും സാധിക്കാന്‍ ആവുന്നില്ല. അപ്പോഴും ചെറുപ്പക്കാര്‍ തൊഴിലില്ലാതെ അലയുന്നു. ഒഴിച്ചുകൂടാനാവാത്ത വികസനം വിമാനത്താവളമാണെന്ന് അങ്ങു പറയുമ്പോള്‍ അങ്ങ് മുതലക്കണ്ണുനീരൊഴുക്കുന്ന എത്ര നിസ്സഹായര്‍ക്കാണ് വിമാനത്താവളത്തിന്റെ ആവശ്യം എന്നുകൂടി ആലോചിക്കുക.

അങ്ങ് ദയവായി ഒരു കാര്യം മനസ്സിലാക്കുക. ഇവിടുത്തെ സാധാരണജനത്തിന് യു.ഡി.എഫും, എല്‍.ഡി.എഫും തമ്മിലുള്ള ചൊക്ലോത്തിക്കളിയിലെ കാപട്യം അറിയാഞ്ഞിട്ടല്ല, ഓരോ പ്രാവശ്യവും മാറിമാറി ഓരോരുത്തരെ തിരഞ്ഞെടുക്കുന്നത്. മറ്റു യാതൊരു പോംവഴിയും ഇല്ലാത്തതുകൊണ്ടാണ്. ഒന്നുകില്‍ ഈനാമ്പേച്ചി, അല്ലെങ്കില്‍ മരപ്പട്ടി. ഏതെങ്കിലും ഒന്നേ വരൂ. ആരും മെച്ചമല്ലെന്നറിയാം. മറ്റു നിവര്‍ത്തിയില്ലാത്തതുകൊണ്ടാണ്. പിന്നെ, ആരാണ് ഈ എല്‍.ഡി.എഫും, യു.ഡി.എഫും? എന്തെങ്കിലും പ്രയോജനം കിട്ടുമെന്നു കണ്ടാല്‍ ആരെയും അച്ഛാന്നു വിളിക്കുന്നവരല്ലേ? ഇന്നലത്തെ എല്‍.ഡി.എഫിനെ മാമോദീസാ മുക്കിയാല്‍ ഇന്ന് യു.ഡി.എഫാകുന്നില്ലേ? അതു ഞങ്ങള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുകയല്ലേ?

അങ്ങും, അങ്ങയുടെ പരിവാരങ്ങളും സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നു, ആറന്മുളയില്‍ വയല്‍ നികത്തിയത് എല്‍.ഡി.എഫിന്റെ കാലത്താണെന്ന്. ഓര്‍മക്കുറവില്ലെങ്കില്‍, പുറകോട്ടൊന്ന് ആലോചിക്കുക. അങ്ങ് മുഖ്യമന്ത്രി ആയിരിക്കെ അങ്ങയുടെ അനുഗ്രഹാശിസ്സുകളോടെ 2004ല്‍ ആണ് ആദ്യമായി കലമണ്ണില്‍ ഏബ്രഹാം വയല്‍ നികത്തിയത് എന്ന് ആറന്മുളക്കാര്‍ക്കറിയാം. അതിന്റെ തെളിവുകള്‍ ഞാന്‍തന്നെ അങ്ങേയ്ക്കുള്‍പ്പടെ സമര്‍പ്പിച്ചിട്ടുമുണ്ട്. (ഭരണാധികാരികള്‍ക്ക് മറവി ഒരു ഭൂഷണമാണല്ലൊ.)

ഗാന്ധിജിയുടെ മുഖം കോണ്‍ഗ്രസ്സുകാരും, ജനപ്രതിനിധികളും ഓര്‍മിക്കുന്നുണ്ടെന്ന് അറിയുന്നത്  സന്തോഷം. ആ മുഖം മറന്നുപോകാതിരിക്കുവാനാണല്ലോ ആയിരംരൂപാ നോട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. എപ്പോഴും ആ മുഖം കണ്ടുകൊണ്ടിരിക്കുന്നത് ഒരു ആത്മസുഖമാണ്.

ജനസമ്പര്‍ക്കപരിപാടിയില്‍ അങ്ങ് കണ്ട നിസ്സഹായരുടെ മുഖങ്ങളില്‍ ഏറ്റവും തെളിഞ്ഞു കണ്ടത് കലമണ്ണില്‍ ഏബ്രഹാമിന്റെയും ടി.പി. നന്ദകുമാറിന്റെയും ജിജി ജോര്‍ജിന്റെയും മുഖങ്ങളായിരുന്നോ? നിസ്സഹായര്‍ക്കുവേണ്ടി ആയിരുന്നു ഈ തീരുമാനമെങ്കില്‍ 2005 നു മുന്‍പ് ഒറ്റ ഉടമസ്ഥതയില്‍ പത്ത് സെന്റു വരെ നികത്തിയവര്‍ക്ക്  നിയമസാധുത കൊടുത്താല്‍ മതിയായിരുന്നല്ലൊ. അങ്ങ് ദയവായി 2012 ജൂണ്‍ 12 ലെ മലയാളമനോരമ പത്തനംതിട്ട എഡീഷന്‍  ദിനപ്പത്രത്തിന്റെ 4-ാം പേജിന്റെ വലതുമുകളിലുള്ള പടവും, ജൂണ്‍ 13 ലെ മംഗളം പത്തനംതിട്ട എഡീഷന്‍  പത്രത്തിന്റെ ‘മംഗളം പ്ലസ്’ ലെ ‘മണ്ണിന്റെ മക്കള്‍’ എന്ന ലേഖനവും ഒന്നു നോക്കുക. നിരണത്ത് ഒരു നിസ്സഹായനായ നേതാവ് ഒറ്റ രാത്രി കൊണ്ട് നികത്തി വാഴ വച്ച വാര്‍ത്ത. ഇത്തരം നിസ്സഹായരുടെ മുഖങ്ങളും കൂടി മറക്കാതിരിക്കുക. നാട് ഉത്തരോത്തരം വികസിക്കട്ടെ.
ബഹുമാനപൂര്‍വ്വം,
                                                                             ശ്രീരംഗനാഥന്‍ കെ.പി.,

03. 08. 2012                             ശ്രീപാദം വടക്കേക്കൊട്ടാരം, ആറന്മുള.

689533, ഫോണ്‍: 9447011370
മുഖ്യമന്ത്രിയുടെ കത്ത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക